ചോദ്യപേപ്പർ ചോർച്ച: പ്രതിഷേധിച്ച് കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ മാർച്ച്, 7 തവണ ജലപീരങ്കി പ്രയോ​ഗിച്ച് പോലീസ്

 

തിരുവനന്തപുരം: ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിലേക്ക് കെഎസ്‌യു പ്രവർത്തകർ മാർച്ച് നടത്തി. പ്രവര്‍ത്തകര്‍ക്കു നേരെ   പോലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിക്കുകയും ബലപ്രയോഗം നടത്തുകയും ചെയ്തു. ബാരിക്കേഡ് മറികടന്ന് ശക്തമായ പ്രതിഷേധമുയർത്തിയ കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ ഉൾപ്പെടെയുള്ളവരെ പോലീസ് ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്തു.

ചോദ്യപേപ്പർ ചോർത്തിയ ട്യൂഷൻ സെന്‍റർ മാഫിയകളുടെ ഭാഗമായ അധ്യാപകർക്ക് എതിരെ നടപടി സ്വീകരിക്കുക, ഇതിനു പിന്നിലെ സാമ്പത്തിക താൽപര്യങ്ങൾ അന്വേഷിക്കുക, സ്വകാര്യ ട്യൂഷൻ സെന്‍റർ ലോബികളെ നിയന്ത്രിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് കെഎസ്‌യു സംസ്ഥാന കമ്മിറ്റി പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്.

വിദ്യാഭ്യാസ മേഖലയെ നയിക്കാൻ കഴിയില്ലെങ്കിൽ മന്ത്രി രാജിവെക്കണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത സംഘടനാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി എം. ലിജു ആവശ്യപ്പെട്ടു. സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുത്തില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ മുന്നറിയിപ്പ് നൽകി.

ഉദ്ഘാടനശേഷം പ്രവർത്തകർ പ്രതിഷേധം ശക്തമാക്കിയതോടെ പോലീസ് ജലപീരങ്കി പ്രയോഗം ആരംഭിച്ചു. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ഏഴ് തവണ ജലപീരങ്കി പ്രയോഗിച്ചു. പോലീസും പ്രവർത്തകരും തമ്മിൽ നിരവധി തവണ ഉന്തുംതള്ളും വക്കേറ്റവുമുണ്ടായി. ശക്തമായ പ്രതിഷേധമുയർത്തിയ പ്രവർത്തകർ അലോഷ്യ സേവിയറിന്‍റെ നേതൃത്വത്തിൽ ബാരിക്കേഡ് മറികടന്നും പ്രതിഷേധിച്ചു.

പ്രവർത്തകർക്ക് നേരെ നിരവധി തവണ ബലപ്രയോഗം നടത്തിയ പോലീസ് സംസ്ഥാന പ്രസിഡന്‍റ് ഉൾപ്പെടെയുള്ളവരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. ഏറെ നേരത്തെ ശക്തമായ പ്രതിഷേധത്തിന് ശേഷം മറ്റ് പ്രവർത്തകർ പ്രകടനമായി മടങ്ങി. അലോഷ്യസ് സേവിയറും ഗോപു നെയ്യാറുമുൾപ്പെടെയുള്ള നേതാക്കളെയും പ്രവർത്തകരെയും പിന്നീട് പോലീസ് ജാമ്യത്തിൽ വിട്ടു.

Comments (0)
Add Comment