ബഫർസോണിലെ പഴയ ഉത്തരവ് റദ്ദാക്കില്ലെന്ന് സര്‍ക്കാർ; തിരിച്ചടി ഉറപ്പെന്ന് പ്രതിപക്ഷം

Jaihind Webdesk
Monday, August 29, 2022

തിരുവനന്തപുരം : ബഫർ സോണ്‍ വിഷയത്തില്‍ 2019 ൽ പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കേണ്ടതില്ലെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ നിയമസഭയില്‍. സുപ്രീം കോടതിയിൽ മൂന്ന് ദിവസത്തിനകം വിവരങ്ങൾ സമർപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. വിഷയത്തില്‍ ഇന്ന് മുഖ്യമന്ത്രിയുമായി യോഗം ചേരും. അതേസമയം 2019 ലെ ഉത്തരവ് റദ്ദാക്കാത്തത് സുപ്രീം കോടതിയിൽ തിരിച്ചടിയാകുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

ഉത്തരവ് റദ്ദാക്കാതെ മുന്നോട്ടുപോയാല്‍ സുപ്രീം കോടതിയിൽ നിന്നും എംപവേർഡ് കമ്മറ്റിയിൽ നിന്നും തിരിച്ചടി ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അപ്രായോഗികമായ നിലപാട് സർക്കാർ പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷാംഗം സണ്ണി ജോസഫും ആവശ്യപ്പെട്ടു. 2019 ലെ ഉത്തരവും സുപ്രിം കോടതി വിധിയും തമ്മിൽ ബന്ധമില്ലെന്നും 2022 ലെ ഉത്തരവാണ് ഇനി നിലനിൽക്കുന്നതെന്നും മന്ത്രി പി രാജീവ് പറഞ്ഞു. ഇതിനെ ചോദ്യം ചെയ്ത പ്രതിപക്ഷ നേതാവ് വിഡി സതീശൻ, 2019ലെ തീരുമാനം 2020 ലെ മന്ത്രിതല യോഗത്തിൽ എങ്ങനെ തിരുത്താൻ ആകുമെന്ന ചോദ്യമുയർത്തി. ഇപ്പോഴും നിലനിൽക്കുന്നത് 2019ലെ മന്ത്രിസഭാ യോഗശേഷമുള്ള ഉത്തരവാണ്. ബഫർ സോൺ അപകടകരമായ സ്ഥിതി വിശേഷമാണെന്നും എല്ലാത്തിന്‍റെയും പൂർണ്ണ ഉത്തരവാദി സർക്കാരും വനം മന്ത്രിയുമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

മന്ത്രി സഭാ ഉത്തരവും സുപ്രീം കോടതി വിധിയും തമ്മിൽ ബന്ധമില്ലെന്നും കേരളത്തെ കേൾക്കാതെ ആയിരുന്നു സുപ്രീം കോടതി ഉത്തരവെന്നും വനം മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ഇന്ന് മുഖ്യമന്ത്രിയുമായി യോഗം ചേരുന്നുണ്ടെന്നും വിഷയത്തില്‍ നിലപാട് മൂന്ന് ദിവസത്തിനകം സുപ്രീം കോടതിയെ അറിയിക്കുമെന്നും മന്ത്രി സഭയെ അറിയിച്ചു.