സർക്കാർ രാഷ്ട്രീയ വിരോധം തീർക്കുന്നു; യുഡിഎഫ് ജനപ്രതിനിധികളെ ക്വാറന്‍റൈന്‍ ചെയ്യുന്നതില്‍ യൂത്ത് കോൺഗ്രസ് നിയമ നടപടിക്ക്

 

യുഡിഎഫ് ജനപ്രതിനിധികളെ ക്വാറന്‍റൈന്‍   ചെയ്യുന്ന വിഷയത്തിൽ യൂത്ത് കോൺഗ്രസ് നിയമ നടപടിക്ക്. സർക്കാർ രാഷ്ട്രീയ വിരോധം തീർക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാനാണ്  തീരുമാനം. യൂത്ത് കോൺഗ്രസ് കുന്ദംകുളം ബ്ലോക്ക് കമ്മിറ്റിയാണ് നിയമ നടപടി സ്വീകരിക്കുന്നത്. സർക്കാർ നടപടികളിലെ രാഷ്ട്രീയ വിവേചനം വ്യക്തമാക്കി ഹൈക്കോടതിയിൽ ഹർജി നൽകും. അഭിഭാഷകരുമായി ചർച്ച നടത്തിയതിന്‍റെ അടിസ്ഥാനത്തിൽ യൂത്ത് കോൺഗ്രസ് കുന്ദംകുളം ബ്ലോക്ക് പ്രസിഡന്‍റ് എ.എം നിതീഷ് തിങ്കളാഴ്ച തന്നെ ഹൈക്കോടതിയിൽ ഹർജി നൽകും.

യുഡിഎഫ് ജനപ്രതിനിധികൾക്ക് ക്വാറന്‍റൈന്‍ നിർദേശിച്ച ആരോഗ്യ വകുപ്പ് മന്ത്രി എ.സി. മൊയ്തീനെ ഒഴിവാക്കിയത് ഹർജിയിൽ ചോദ്യം ചെയ്യും. ഗുരുവായൂരിൽ കൊവിഡ് സ്ഥിരീകരിച്ചവരുമായി മന്ത്രി നേരിട്ട് ഇടപഴകിയിട്ടുണ്ട്. ശരിയായ രീതിയിൽ മുഖാവരണം ധരിക്കുകയോ നിർദേശിച്ച അകലം പാലിക്കുകയോ ചെയ്തിട്ടില്ല. ഈ നിയമ ലംഘനത്തിന്റെ ദൃശ്യങ്ങളും സമർപ്പിക്കും. കൊവിഡ് രോഗ ബാധിതരുമായി നേരിട്ട് സമ്പർക്കുണ്ടായ മന്ത്രി നിരീക്ഷണത്തിൽ പോകണം എന്നും ആവശ്യപ്പെടും.

വാളയാറിൽ പോയ അനിൽ അക്കര എംഎൽഎ ക്കൊപ്പം മന്ത്രി എ.സി മൊയ്തീനും ജില്ലയിലെ മറ്റ് എംഎൽഎമാരും യോഗങ്ങളിൽ പങ്കെടുത്തിരുന്നു. ജില്ലാ കളക്ടർ, ഡി എം ഒ , പൊലീസ് കമ്മീഷ്ണർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ഈ യോഗങ്ങളിൽ ഉണ്ടായിരുന്നു. ഇവർക്കൊന്നും ക്വാറന്‍റൈന്‍ വേണ്ട എന്നാണ് തൃശൂർ മെഡിക്കൽ ബോർഡ് തീരുമാനം. എന്നാൽ പാലക്കാട് മെഡിക്കൽ ബോർഡ് മാധ്യമ പ്രവർത്തകർക്ക് അടക്കം ക്വാറന്‍റൈന്‍ നിർദേശിച്ചിരിക്കുകയാണ്. ഇക്കാര്യങ്ങളെല്ലാം ഹർജിയിൽ ചൂണ്ടി കാണിക്കും.

Comments (0)
Add Comment