കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും പ്രവാസി ക്ഷേമകാര്യ സ്ഥിരം സമിതികള്‍ വേണമെന്ന് ഖത്തര്‍ കെ എം സി സി

 

ദോഹ : കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും പ്രവാസി ക്ഷേമകാര്യ സ്ഥിരം സമിതികള്‍ വേണമെന്ന് , ഖത്തര്‍ കെ എം സി സി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മിനിമം ജനസംഖ്യാ പ്രശ്‌നമുണ്ടെങ്കില്‍ കേരളത്തിലെ 14 ജില്ലാ പഞ്ചായത്തുകളിലും, ആറു കോര്‍പ്പറേഷനുകളിലും സ്ഥിരം പ്രവാസി ക്ഷേമ സ്റ്റാന്റിംഗ് കമ്മിറ്റികള്‍ രൂപീകരിക്കണം. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റികളില്‍, പ്രവാസി കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തുകയും ചെയ്യണമെന്ന് ഖത്തര്‍ കെ എം സി സി പ്രസിഡണ്ട് എസ് എ എം ബഷീര്‍ ആവശ്യപ്പെട്ടു.

ഇത്തരമൊരു സ്ഥിര സമിതിയുടെ കീഴില്‍, ഓരോ പഞ്ചായത്തിലെയും പ്രവാസികളുടെയും മടങ്ങി വന്നവരുടെയും കൃത്യമായ സ്ഥിതി വിവരക്കണക്കുകള്‍ ശേഖരിച്ചു അതാതു പ്രദേശത്തിന് അനുയോജ്യമായ പുനരധിവാസ പദ്ധതികള്‍ നടപ്പാക്കാനുള്ള അധികാരം അവര്‍ക്ക് നല്‍കണം. നിലവില്‍ പ്രവാസികളായവരുടെ സാമ്പത്തിക മുതല്‍ മുടക്കും സ്വീകരിച്ച് ലാഭ വിഹിതം നല്‍കാവുന്ന തരത്തിലുള്ള പുനരധിവാസ പദ്ധതികള്‍ ആസൂത്രണം ചെയ്യാവുന്നതാണ്. കൂട്ടത്തില്‍ നിലവിലുള്ള പ്രവാസികളുടെയും ഭാവി പ്രവാസികളുടെയും നൈപുണ്യ വികസനവും, ക്ഷേമ പ്രവര്‍ത്തനങ്ങളും സഹായ പദ്ധതികളും ഒക്കെ ആവിഷ്‌ക്കരിച്ചു നടപ്പാക്കാനുള്ള വിപുലമായ അവകാശാധികാരങ്ങള്‍ നല്‍കുന്ന വിധത്തില്‍ ഈ സ്റ്റാന്റിംഗ് കമ്മിറ്റി രൂപപ്പെടുത്തണമെന്നും ഖത്തര്‍ കെ എം സി സി നിര്‍ദേശിച്ചു.

ലോകമാകെ കത്തിപ്പടര്‍ന്ന കൊറോണക്കാലത്തെ ഇന്ത്യയിലും രോഗവ്യാപനം രൂക്ഷമാണ്. ലക്ഷക്കണക്കിനാളുകള്‍ മരിക്കുന്നു. സാമ്പത്തികനില തകര്‍ന്നടിഞ്ഞു. രോഗവ്യാപനം കൂടിക്കൊണ്ടിരിക്കുകയാണ്. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എന്ന് പുനഃരാരംഭിക്കാന്‍ ആകുമെന്ന് ഒരു നിശ്ചയവുമില്ല. അതിനാല്‍, പ്രവാസികളുടെ തിരിച്ചുവരവ് കൂടിയ ഈ ഘട്ടത്തില്‍ പ്രവാസി ക്ഷേമകാര്യ സ്ഥിരം സമിതികളുടെ ആവശ്യം ഏറെ പ്രസ്‌കതമാണെന്നും ഖത്തര്‍ കെഎംസിസി വ്യക്തമാക്കി.

Comments (0)
Add Comment