2022 ലോകകപ്പിന്റെ ആതിഥേയരായ ഖത്തറിന് ഇനി ആവേശത്തോടെ ഒരുങ്ങാം. ഏഷ്യൻകപ്പ് ഫൈനലിൽ ജപ്പാനെ അട്ടിമറിച്ച് ഖത്തർ ആദ്യമായി കിരീടം ചൂടിയപ്പോൾ അമ്പരന്നുപോയി സോക്കർലോകം. സംഘംചേർന്ന് ആക്രമിച്ചും പ്രതിരോധിച്ചും മുന്നേറിയ ഖത്തറിന് ഒന്നിനെതിരെ മൂന്നുഗോൾ ജയം.
എ.എഫ്.സി ഏഷ്യൻകപ്പ് ഫുട്ബോൾ കിരീടം സ്വന്തമാക്കി ഖത്തർ പുതിയ ചരിത്രം രചിച്ചു. ഖത്തറിന്റെ ആദ്യത്തെ ഏഷ്യൻ കപ്പ് കിരീടമാണിത്. അഞ്ചാം കിരീടം തേടിയിറങ്ങിയ ജപ്പാനെ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കാണ് ഖത്തർ തോൽപ്പിച്ചത്.ആദ്യപകുതിയിൽ ഖത്തർ അൽമോയിസ് അലി, അബ്ദുൽ അസീസ് ഹതം എന്നിവരുടെ ഗോളിൽ മുന്നിലെത്തി.
രണ്ടാംപകുതിയിൽ തകുമി മിനാമിനോയിലൂടെ ജപ്പാൻ ആശ്വാസഗോൾ നേടി. ഒടുവിൽ പെനൽറ്റി കിക്കിലൂടെ അക്രം ഹാഫിഫ് ഖത്തറിന്റെ വിജയം ഉറപ്പിച്ചു. ഇരുപത്തിരണ്ടുകാരൻ സ്ട്രൈക്കർ അലി അഭ്യാസിയുടെ മെയ്വഴക്കത്തോടെ ആദ്യഗോൾ നേടി. അക്രം ഹാഫിഫ് ബോക്സിലേക്ക് നൽകിയ പന്ത് അലി ഇടതുകാലിൽ സ്വീകരിച്ചു. പ്രതിരോധക്കാരെ കബളിപ്പിച്ച് അൽപ്പം പിന്നോട്ടാഞ്ഞ് കരണംമറിഞ്ഞ് വലതുകാൽ ഷോട്ട്. പോസ്റ്റിന്റെ വലത്തേമൂലയിൽ തട്ടി പന്ത് വലയിൽ. ജാപ്പനീസ് ഗോളിയും കളിക്കാരും അമ്പരന്നുപോയി.
ടൂർണമെന്റിൽ ആരും പ്രതീക്ഷിക്കാത്ത കുതിപ്പായിരുന്നു ഖത്തറിന്റേത്. ഏറ്റവും കൂടുതൽ ഏഷ്യൻ കപ്പ് കിരീടങ്ങളെന്ന റെക്കോഡ് കയ്യാളുന്ന ജപ്പാനെ നിഷ്പ്രഭരാക്കിയ പ്രകടനമാണ് ഫൈനലിൽ ഖത്തർ പുറത്തെടുത്തത്. മത്സരം തുടങ്ങി 30 മിനിറ്റുകൾക്കുള്ളിൽ തന്നെ ഖത്തർ തങ്ങളുടെ തനിസ്വരൂപം പുറത്തെടുത്തു.