പെരുമ്പാമ്പിനെ കണ്ട് ഫോറസ്റ്റില്‍ വിളിച്ചപ്പോള്‍ പിടിച്ച് സൂക്ഷിച്ചുവക്കു എന്ന് പ്രതികരണം : ഒടുവില്‍ ഉമ്മന്‍ചാണ്ടിയുടെ ഇടപെടല്‍

Jaihind Webdesk
Wednesday, May 18, 2022


രാത്രിയില്‍ ജനവാസ മേഖലയില്‍ പെരുമ്പാമ്പിനെ കണ്ട വിവരം വനം വകുപ്പിനെ അറിയിച്ച  നാട്ടുകാർക്ക് അധികൃതരില്‍ നിന്ന് നേരിട്ടത് അവഗണനയും ശകാരവും. തോട്ടിലൂടെ രാത്രിയില്‍ പെരുമ്പാമ്പ് ഒഴുകി വന്നത് കണ്ട ജനപ്രതിനിധിയാണ് വനം വകുപ്പിനെ വിവരം ധരിപ്പിക്കാന്‍ വിളിച്ചത്. എന്നാല്‍ പാമ്പിനെ ണ്ട് ചാക്കിലാക്കി കെട്ടി സുരക്ഷിതമായി കുട്ടയിലിട്ട് വച്ചാല്‍ മതി. രാവിലെ വന്ന് എടുത്തോളാമെന്നായിരുന്നു കോട്ടയം കൂരോപ്പട പഞ്ചായത്തംഗത്തിന് അധ്കൃതരില്‍ നിന്നും കിട്ടിയ മറുപടി.

വനം വകുപ്പിന്‍റെ നിർദ്ദേശപ്രകാരം  നാട്ടുകാര്‍ ചേര്‍ന്ന് പാമ്പിനെ കുട്ടയിലാക്കി ഭദ്രമായി തമ്പിയെന്നയാളുടെ വീട്ടില്‍ സൂക്ഷിച്ചു. വീട്ടുകാര്‍ ഉറങ്ങാതെ പുറത്ത് കാവലുമിരുന്നു. നേരം വെളുത്തിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്താതിരുന്നതോടെ നാട്ടുകാര്‍ ഉമ്മന്‍ചാണ്ടിയെ വിവരം അറിയിച്ചു. അദ്ദേഹം ഇടപെട്ടതോടെയാണ് അധികൃതരെത്തിയത്.

പാമ്പിനെ കൊണ്ടുപോകാനെത്തിയ ഉദ്യോഗസ്ഥര്‍ വീടിനുള്ളില്‍ പാമ്പിനെ സൂക്ഷിച്ചതിന് നാട്ടുകാരോട് കയര്‍ക്കുകയും ചെയ്തു. പാമ്പിനെ സുരക്ഷിതമായി സൂക്ഷിച്ചതാണെന്ന് പഞ്ചായത്തംഗം കുഞ്ഞൂഞ്ഞമ്മ കുര്യന്‍ മറുപടിയും നല്‍കി. തികഞ്ഞ അനാസ്ഥയാണ് വനംവകുപ്പ് ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു.