തിരുവനന്തപുരം: വിവാദ കമ്പനിയായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിന് സെക്രട്ടേറിയേറ്റില്‍ ഓഫീസ് തുടങ്ങണമെന്നാവശ്യപ്പെട്ട് ഗതാഗത സെക്രട്ടറി തയ്യാറാക്കിയ കുറിപ്പ് പുറത്ത്. വിദഗ്ധ ജോലി ചെയ്യാനുള്ള കാര്യക്ഷമത സെക്രട്ടറിയേറ്റിലെ ജീവനക്കാര്‍ക്ക് ഇല്ലാത്തത്തിനാല്‍ ഓഫീസ് തുറക്കാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യം. സെക്രട്ടറിയേറ്റില്‍ പിഡബ്ല്യുസിക്ക് ഓഫീസ് തുറക്കാനായി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടിരുന്നത്.
വിവാദമായ ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കമ്പനിയായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിന് സെക്രട്ടറിയേറ്റില്‍ ബാക്ക് ഡോര്‍ ഓഫീസ് തുറക്കണമെന്നാവശ്യപ്പെട്ട് ഗതാഗത സെക്രട്ടറി കെ.ആര്‍ ജ്യാേതിലാല്‍ തയ്യാറാക്കിയ കുറിപ്പാണിത്. 27.9.2018 ലാണ് വിവാദ കമ്പനിക്ക് സെക്രട്ടേറിയറ്റില്‍ ഓഫീസ് തുറക്കണമെന്നാവശ്യപ്പെട്ട് ഗതാഗത സെക്രട്ടറി സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചത്. മെഗാ പ്രോജക്ടുകള്‍ കൈകാര്യം ചെയ്യാനുളള കാര്യക്ഷമത സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് ഇല്ലെന്നും ഗതാഗത സെക്രട്ടറിയുടെ കുറിപ്പില്‍ പറയുന്നുണ്ട്. മറ്റ് ചില പദ്ധതികള്‍ കൂടി സംയോജിപ്പിച്ച് നടത്തിക്കൊണ്ടു പോകേണ്ടതുണ്ടെന്നും, അങ്ങനെയുള്ള വലിയ പദ്ധതികള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ബാക്ക് ഡോര്‍ ഓഫീസ് സെക്രട്ടറിയേറ്റില്‍ അത്യാവശ്യമാണെന്നും ജ്യോതിലാലിന്‍റെ കുറിപ്പില്‍ പറയുന്നു.
പദ്ധതികളുടെ ഗുണം ജനങ്ങളിലേക്കെത്തിക്കാന്‍ വ്യാപകമായ സാമൂഹിക മാധ്യമ ക്യാമ്പയിനുകള്‍ ആവശ്യമാണെന്നും അതിനാല്‍ പിഡബ്ല്യുസി തയ്യാറാക്കി സമര്‍പ്പിച്ച വാല്യു മാനേജ്മെന്‍റിന്‍റെ ഓഫീസിന്‍റെ പ്രപ്പോസല്‍ അംഗീകരിക്കാവുന്നതാണ് എന്നാണ് ഗതാഗത വകുപ്പ് സെക്രട്ടറി ഫയലില്‍ എഴുതിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിന് സെക്രട്ടേറിയറ്റില്‍ ഓഫീസ് തുറക്കാനുള്ള നടപടിക്രമങ്ങള്‍ മുന്നോട്ട് നീങ്ങിയത്. സംസ്ഥാന ചീഫ് സെക്രട്ടറിയേക്കാള്‍ ശമ്പളമാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പോഴ്‌സ് ഓഫീസിലെ ജീവനക്കാര്‍ക്ക് നിശ്ചയിച്ചത്.
പ്രൊജക്ട് മാനേജ്മെന്‍റ് എക്സ്പര്‍ട്ടിന്‍റെ ശമ്പളം 3.30 ലക്ഷം ആണ്. മറ്റ് പലരുടെയും ശമ്പളമാകട്ടെ മൂന്ന് ലക്ഷത്തിലധികവും. ശമ്പളയിനത്തില്‍ മാത്രം ഒരു വര്‍ഷം കോടികള്‍ ചിലവാക്കേണ്ടി വരും. സെക്രട്ടേറിയറ്റില്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിന് ഓഫീസ് തുറക്കാനുള്ള ഫയല്‍ അന്തിമ ഘട്ടത്തിലാണെന്നായിരുന്നു നേരത്തെ ഉയര്‍ന്ന ആരോപണം. എന്നാല്‍ വളരെ മുമ്പ് തന്നെ ആ നീക്കം തുടങ്ങി എന്നാണ് ഇപ്പോള്‍ പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നത്. സെക്രട്ടേറിയറ്റില്‍ വിവാദ കമ്പനിക്ക് ഓഫീസ് തുടങ്ങാനുളള നീക്കം നടക്കുന്നു എന്ന ആരോപണത്തെ മുഖ്യമന്ത്രി നിഷേധിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ സാധൂകരിക്കുന്ന കുറിപ്പാണ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചിരിക്കുന്നത്.