പിഡബ്ല്യുസിയെ ഒഴിവാക്കാനുള്ള തീരുമാനം; മുഖ്യമന്ത്രിക്ക് നട്ടെല്ലുണ്ടെങ്കില്‍ മാപ്പ് പറയണമെന്ന് ഷാഫി പറമ്പില്‍; ‘കേരളത്തിൽ നടക്കുന്നത് കൺസൾട്ടൻസി ഭരണം’

Jaihind News Bureau
Saturday, July 18, 2020

 

കൊച്ചി: പിഡബ്ല്യുസിയുമായുള്ള എല്ലാ സേവനങ്ങളും അവസാനിപ്പിക്കാന്‍ തീരുമാനിച്ച മുഖ്യമന്ത്രി നട്ടെല്ലുണ്ടെങ്കില്‍ മാപ്പ് പറയണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. ഇ-മൊബിലിറ്റി പദ്ധതിയില്‍ പ്രതിപക്ഷത്തിന്‍റെ ആരോപണം ശരിയാണെന്ന് തെളിഞ്ഞു. ഗതികെട്ടാണ് സർക്കാരിന്‍റെ തീരുമാനം. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ പിണറായി വിജയന് അർഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ നടത്തുന്നത് കൺസൾട്ടൻസി ഭരണമാണ്. സി.പി.ഐ പോലും സർക്കാരിനെ അംഗീകരിക്കുന്നില്ല. തട്ടിപ്പും വെട്ടിപ്പുo നടത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് തുറന്ന് കൊടുത്തു. ശിവശങ്കറിനെ രക്ഷിക്കാൻ മുഖ്യമന്ത്രി അവസാനം വരെ ശ്രമിച്ചു. സർക്കാരിന്‍റെ ചെലവിൽ കളളക്കടത്തുകാരെ തീറ്റി പോറ്റുകയാണെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി.

ഐ.ടി വകുപ്പിന്‍റെ ഭരണം വീണ വിജയനെ ഏൽപ്പിച്ചിട്ടുണ്ടോ എന്ന് പിണറായി വ്യക്തമാക്കണം. മന്ത്രിസഭയിലെ ഉന്നതർ പലരും സംശയത്തിന്‍റെ നിഴലിലാണെന്നും മുഖ്യമന്ത്രിയുടെ രാജി അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാലത്തായി പീഡനകേസ് അട്ടിമറിച്ചത് ബി.ജെ.പി-സി പി എം ഒത്തുകളിയുടെ ഭാഗമാണ്. ബി.ജെ.പി പാലത്തായി കേസ് വർഗീയവത്കരിക്കുന്നു. അനീതി ചെയ്തവന് ശിക്ഷ ലഭിക്കാൻ വനിത ഐ.പി.എസ് ഉദ്യോഗസ്ഥ കേസ് പുനരന്വേഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ പിൻവാതിൽ നിയമത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് സമരം ശക്തമാക്കും.അഭ്യസ്ഥവിദ്യരെ നോക്കുകുത്തിയാക്കി സ്വന്തക്കാരെ സർക്കാർ സർവീസിൽ സ്ഥിരപ്പെടുത്തുന്നു. ഡിവൈഎഫ്ഐ ഈ വിഷയത്തിൽ പരസ്യസംവാദത്തിന് തയ്യാറുണ്ടോയെന്നും ഷാഫി പറമ്പിൽ ചോദിച്ചു. തട്ടിപ്പുക്കാർക്കും കൊള്ളക്കാർക്കും മാത്രം സർക്കാർ ജോലിയിൽ മുൻഗണന നൽകുകയാണെന്നും ജൂലായി 31 ന് ശേഷം യുഡിഎഫ് യുവജന സംഘടനകൾ ഒറ്റയ്ക്കും കൂട്ടായും സമരം ശക്തമാക്കുമെന്നും ഷാഫി പറമ്പിൽ അറിയിച്ചു.