‘ഇയാൾ അടിച്ചിട്ട പല്ലെല്ലാം നിലമ്പൂരിൽ വലിയ തടയണ കെട്ടി സൂക്ഷിച്ചിരിക്കയാണെന്നു കേട്ടു, സൗകര്യം കിട്ടുമ്പോ വന്നു കാണാം’; പി.വി അന്‍വറിന് എം.ലിജുവിന്‍റെ മാസ് മറുപടി

Jaihind News Bureau
Sunday, May 10, 2020

പ്രവാസികള്‍ നാട്ടിലേക്ക് തിരിച്ചുവരുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ തനിക്കെതിരെ ഭീഷണി മുഴക്കി ഫേസ്ബുക്ക് പോസ്റ്റിട്ട പി.വി അന്‍വര്‍ എം.എല്‍.എയ്ക്ക് ഡിസിസി പ്രസിഡന്‍റ് എം.ലിജുവിന്റെ മാസ് മറുപടി. തനിക്കെതിരെ വായില്‍ തോന്നിയത് പാടിയാല്‍ പല്ലിന്‍റെ എണ്ണം കുറയുമെന്നായിരുന്നു അന്‍വര്‍ കുറിച്ചത്.

”ഇയാൾ അടിച്ചിട്ട പല്ലെല്ലാം നിലമ്പൂരിൽ വലിയ തടയണ കെട്ടി സൂക്ഷിച്ചിരിക്കയാണെന്നു കേട്ടു.
സൗകര്യം കിട്ടുമ്പോ വന്നു കാണാം. പല്ല് വേണമെങ്കില്‍ ഒന്നാം ക്ലാസില്‍ വെച്ച് പറിഞ്ഞ രണ്ടെണ്ണം കുപ്പീലിട്ടു വെച്ചിട്ടുണ്ട്, അയച്ചു തരാം” എന്നായിരുന്നു ലിജുവിന്‍റെ മറുപടി.

പ്രവാസികളെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരുന്നത് ഇടതുസര്‍ക്കാരാണെന്ന തരത്തിലുള്ള അന്‍വറിന്‍റെ പോസ്റ്റാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ടത്. പ്രവാസികള്‍ക്ക് ലഭിക്കുന്ന ഏതെങ്കിലും ചില്ലറ ആനുകൂല്യങ്ങള്‍ക്ക് കണക്കുപറയുന്നത് അല്‍പ്പത്തരമാണെന്നായിരുന്നു എം.ലിജുവിന്‍റെ  പ്രതികരണം. ഇതിനുപിന്നാലെ ഇരുവരും തമ്മിലുള്ള ഫേസ്ബുക്ക് പോര് മുറുകുകയായിരുന്നു.