കൊവിഡ്: വിവിധ സംസ്ഥാനങ്ങള്‍ക്ക്‌ പഞ്ചാബ് സര്‍ക്കാരിന്‍റെ സഹായം; 20 ട്രെയിനുകള്‍ നിറയെ ഭക്ഷ്യധാന്യങ്ങള്‍ കയറ്റിയയച്ചു

Jaihind News Bureau
Friday, March 27, 2020

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യമൊട്ടാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് സഹായവുമായി പഞ്ചാബ് സര്‍ക്കാര്‍. ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാന്‍  സംസ്ഥാനങ്ങളിലേക്ക് 20 ട്രെയിനുകളിലായി ധാന്യങ്ങള്‍ പഞ്ചാബ് കയറ്റി അയച്ചു.  20 സ്പെഷ്യല്‍ ട്രെയിനുകളിലായി 50,000 മെട്രിക് ടണ്‍ അരിയും ഗോതമ്പും മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റിയയച്ചതായി ഭക്ഷ്യധാന്യ വിഭവ വകുപ്പ് മന്ത്രി ഭാരത് ഭൂഷന്‍ അഷു പറഞ്ഞു.

ഇവ കയറ്റിയയക്കുന്ന സമയത്ത് തൊഴിലാളികളെല്ലാം മാസ്ക് ധരിച്ചിരുന്നതായും കൈകള്‍ സാനിറ്റൈസ് ചെയ്തിരുന്നതായും  പ്രത്യേക അകലം പാലിച്ചുകൊണ്ടാണ് ജോലി ചെയ്തതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വളരെ കുറച്ച് തൊഴിലാളികള്‍ മാത്രമേ ഇതിനായി നിയോഗിച്ചിരുന്നുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.