മലയാളികളുടെ മടക്കം: പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്താന്‍ സന്നദ്ധത അറിയിച്ച് പഞ്ചാബ്; 3 കത്തുകള്‍ നല്‍കിയെങ്കിലും പ്രതികരിക്കാതെ കേരളം

മലയാളികളെ നാട്ടിലെത്തിക്കാമെന്ന പഞ്ചാബ് സര്‍ക്കാരിന്‍റെ വാഗ്ദാനത്തിന് മറുപടി നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍. പഞ്ചാബില്‍ കുടുങ്ങികിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാമെന്നറിയിച്ച് മെയ് 5,7,10 തീയതികളില്‍ മൂന്ന് കത്തുകള്‍ അയച്ചിരുന്നെങ്കിലും കേരളം പ്രതികരിച്ചിരുന്നില്ല.

ജലന്ധറില്‍ നിന്നും ആരംഭിച്ച് കൊച്ചിയില്‍ യാത്ര അവസാനിപ്പിക്കുന്ന രീതിയില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനായിരുന്നു പഞ്ചാബ് സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നത്. കര്‍ണാടകയില്‍ കുടുങ്ങികിടക്കുന്ന മലയാളികള്‍ക്കുകൂടി ഈ ട്രെയിനില്‍ യാത്രയ്ക്ക് സൗകര്യപ്രദമാകുന്നതരത്തിലായിരുന്നു തീരുമാനം. എന്നാല്‍ തീരുമാനത്തിന് കേരളത്തിന്‍റെ ഭാഗത്ത് നിന്നും ഒരു മറുപടിയും ലഭിച്ചിരുന്നില്ല.

രണ്ട് തവണ സര്‍ക്കാരിനയച്ച കത്തിലും ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാക്കാത്തതിനാലാണ് മൂന്നാമതും കത്തയച്ചതെന്നായിരുന്നു പഞ്ചാബ് സര്‍ക്കാരിന്റെ പ്രതികരണം. അതേസമയം 1078 ലേറെ മലയാളികളാണ് പഞ്ചാബില്‍ കുടുങ്ങികിടക്കുന്നത്. ഇവരില്‍ ഗര്‍ഭിണികളും വിദ്യാര്‍ത്ഥികളുമടക്കം ഉള്‍പ്പെടുന്നുണ്ട്.

Comments (0)
Add Comment