വിവാദങ്ങള്‍ക്ക് പിന്നാലെ പഞ്ചാബില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസിന് സര്‍ക്കാരിന്‍റെ അനുമതി; ആയിരത്തിലേറെ മലയാളികള്‍ക്ക് നാട്ടിലെത്താം

Jaihind News Bureau
Friday, May 15, 2020

 

വിവാദങ്ങള്‍ക്ക് പിന്നാലെ പഞ്ചാബില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള ട്രെയിന്‍ സര്‍വീസിന് അനുമതി നല്‍കി സര്‍ക്കാര്‍. പഞ്ചാബിന്റെ തുടര്‍ച്ചയായുള്ള മൂന്ന് കത്തുകള്‍ക്ക് സര്‍ക്കാര്‍ ഇന്നലെ വൈകിട്ടാണ് മറുപടി നല്‍കിയത്.

പഞ്ചാബില്‍ കുടുങ്ങികിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാമെന്നറിയിച്ച് മെയ് 5,7,10 തീയതികളില്‍ മൂന്ന് കത്തുകള്‍ അയച്ചിരുന്നെങ്കിലും കേരളം പ്രതികരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം. ഗര്‍ഭിണികളടക്കം ആയിരത്തിലേറെപ്പേരാണ് പഞ്ചാബില്‍ നിന്നും കേരളത്തിലേക്ക് മടങ്ങാനായി കാത്തിരിക്കുന്നത്. ഇവരില്‍ കര്‍ണാടകയില്‍ നിന്നുള്ള 309 പേരും ഉള്‍പ്പെട്ടിരുന്നു. ഇവര്‍ക്കായി ജലന്ധറില്‍ നിന്നും ആരംഭിച്ച് കൊച്ചിയില്‍ യാത്ര അവസാനിപ്പിക്കുന്ന രീതിയില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനായിരുന്നു പഞ്ചാബ് സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നത്.

കര്‍ണാടകയില്‍ കുടുങ്ങികിടക്കുന്ന മലയാളികള്‍ക്കുകൂടി ഈ ട്രെയിനില്‍ യാത്രയ്ക്ക് സൗകര്യപ്രദമാകുന്ന തരത്തിലായിരുന്നു തീരുമാനം. എന്നാല്‍ തീരുമാനത്തിന് കേരളത്തിന്‍റെ ഭാഗത്ത് നിന്നും ഒരു മറുപടിയും ലഭിച്ചിരുന്നില്ല. രണ്ട് തവണ സര്‍ക്കാരിനയച്ച കത്തിലും ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാക്കാത്തതിനാലാണ് മൂന്നാമതും പഞ്ചാബ് സര്‍ക്കാര്‍ കത്ത് നല്‍കിയത്.