പുൽവാമയിലെ ഭീകരാക്രമണം : മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പാക് ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങൾ മാറ്റി

Jaihind Webdesk
Monday, February 18, 2019

പുൽവാമയിലെ ഭീകരാക്രമണത്തിന് പിന്നാലെ മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങൾ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ നീക്കം ചെയ്തു. പുൽവാമയിൽ വീരമൃത്യു വരിച്ച സൈനികരെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിന്‍റെ സൂചകമായിട്ടാണ് പാകിസ്ഥാൻ താരങ്ങളുടെ ചിത്രങ്ങൾ സ്റ്റേഡിയത്തിൽ നിന്ന് മാറ്റിയത്.

കഴിഞ്ഞ ദിവസം കശ്മീരിലുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് ക്രിക്കറ്റ് അസോസിയേഷനിൽ ചർച്ച ചെയ്ത ശേഷമാണ് മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പാകിസ്ഥാനി ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങൾ നീക്കം ചെയ്യാനുളള ഒരു തീരുമാനം എടുത്തതെന്ന് പിസിഎ ട്രഷറർ അജയ് ത്യാഗി പറഞ്ഞു. ഭീകരാക്രമണത്തിനെതിരെ രാജ്യത്ത് പൊതുവായി ഉയർന്നിട്ടുള്ള വികാരത്തിന് ഒപ്പമാണ് പിസിഎയും.

സ്റ്റേഡിയത്തിലെ ലോംഗ് റൂം, ഗാലറി, റിസപ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലായി സ്ഥാപിച്ചിരുന്ന പാ കിസ്ഥാൻ താരങ്ങളുടെ 15 ചിത്രങ്ങളാണ് നീക്കം ചെയ്തതെന്നും ത്യാഗി പറഞ്ഞു.

പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തിന് പുറകേ പാക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് ആക്രമണത്തിൻറെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. പുൽവാമയിൽ വീരമൃത്യു വരിച്ച സൈനികരെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിൻറെ സൂചകമായിട്ടാണ് തങ്ങൾ ഇത്തരത്തിൽ ഒരു തീരുമാനം എടുത്തതെന്നും അധികതർ അറിയിച്ചു.