കര്‍ഷകസമരം മുതലെടുത്ത് പാകിസ്ഥാന്‍ ആയുധം എത്തിക്കുന്നു ; മുന്നറിയിപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി

Jaihind News Bureau
Saturday, January 30, 2021

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്ത് കർഷക പ്രതിഷേധം തുടങ്ങിയതിനു ശേഷം പാകിസ്ഥാനിൽ നിന്നുള്ള ആയുധക്കടത്ത് വർധിച്ചതായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. കർഷക സമരം ശക്തമായതിനു ശേഷം അതിർത്തിയിലെ അസ്വസ്ഥതകളും ക്രമാതീതമായി വർധിച്ചുവെന്നും പാകിസ്ഥാൻ ഡ്രോണുകളിൽ ആയുധങ്ങൾ ഇന്ത്യയിലേക്കു കടത്തുകയാണെന്നും അമരീന്ദർ സിങ് ആരോപിച്ചു. വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അമരീന്ദർ സിങ്ങിന്റെ ആരോപണം.

രാജ്യത്തിനെതിരെ പാക്കിസ്ഥാനും ചൈനയും ഗൂഢാലോചന നടത്തുകയാണ്. രാജ്യത്തെ 20 ശതമാനം സൈനികരും കർഷകർ സജീവമായ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. കാർഷിക നിയമങ്ങൾ കൊണ്ട് അവരുടെ ആത്മവിശ്വാസം തല്ലിക്കെടത്തരുതെന്നും അമരീന്ദർ പറഞ്ഞു. ആരെയും അടച്ചാക്ഷേപിക്കാനല്ല താനിത് പറയുന്നതെന്നും റിപ്പബിക് ദിനത്തിൽ ഡൽഹിയിൽ നടന്ന അക്രമങ്ങൾക്കു പിന്നിൽ പാക്കിസ്ഥാനാണോ എന്നത് കണ്ടുപിടിക്കേണ്ടത് അന്വേഷണ ഏജൻസികളാണെന്നും അമരീന്ദർ പറഞ്ഞു.