സർക്കാർ ജോലികളിൽ 33 ശതമാനം സ്ത്രീ സംവരണം നല്‍കി പഞ്ചാബ് സർക്കാർ

Jaihind News Bureau
Wednesday, October 14, 2020

വനിതാ ശാക്തീകരണത്തില്‍ ശക്തമായ നടപടിയുമായി പഞ്ചാബ് സർക്കാർ. സർക്കാർ ജോലികളിൽ 33 ശതമാനം സ്ത്രീ സംവരണത്തിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകി. മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം.

സർക്കാർ ജോലികളിലെ തസ്തികകളിലേക്ക് നേരിട്ട് നിയമനം നല്‍കുന്നതിന് സ്ത്രീകൾക്ക് സംവരണം നൽകുന്നതിനായി പഞ്ചാബ് സിവില്‍ സർവീസ് (സ്ത്രീകളുടെ നിയമനത്തിനുള്ള സംവരണം) നിയമത്തിന് ഇന്ന് സംസ്ഥാന സർക്കാർ അംഗീകാരം നല്‍കി. ബോർഡുകളിലെയും കോർപ്പറേഷനുകളിലെയും ഗ്രൂപ്പ് എ, ബി, സി, ഡി തസ്തികകളിലേയ്ക്കുള്ള നിയമനം നടത്താനും ഈ വ്യവസ്ഥ അനുവാദം നല്‍കുന്നു.

ഇതോടെ സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് സംവരണം നൽകുന്ന രണ്ടാമത്തെ സംസ്ഥാനമായി പഞ്ചാബ്. 2016 ൽ ബീഹാർ സംസ്ഥാനത്തെ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35 ശതമാനം സംവരണം നൽകിയിരുന്നു.