പുൽവാമ ഭീകരാക്രമണം : സർവകക്ഷി യോഗം ഇന്ന് ഡൽഹിയിൽ

പുൽവാമ ഭീകരാക്രമണത്തിനെതിരായ തുടർനടപടികൾ ആലോചിക്കാൻ ഇന്ന് ഡൽഹിയിൽ സർവകക്ഷി യോഗം ചേരും. രാവിലെ പതിനൊന്ന് മണിക്ക് പാർലമെൻറ് മന്ദിരത്തിലെ ലൈബ്രറി ഹാളിലാണ് യോഗം. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് അധ്യക്ഷനാകും. പ്രധാനമന്ത്രി പങ്കെടുക്കുമോയെന്ന് വ്യക്തമല്ല.

സർക്കാരും സൈന്യവും കൈക്കൊള്ളുന്ന നടപടികൾക്ക് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് ഇനി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പ്രതിപക്ഷ കക്ഷികൾക്കിടയിൽ സമവായമുണ്ടാക്കാനാണ് യോഗം.

ഇത് രണ്ടാം തവണയാണ് മോദി സർക്കാരിന്‍റെ കാലത്ത് സർവകക്ഷിയോഗം വിളിക്കുന്നത്. ആദ്യത്തെ തവണ സർവകക്ഷിയോഗം വിളിച്ചത് സർക്കാർ സർജിക്കൽ സ്‌ട്രൈക്ക് നടത്തിയ ശേഷം നടന്നതിനെക്കുറിച്ച് വിശദീകരിക്കാനാണ്.

2016 സെപ്റ്റംബറിൽ നടന്ന അന്നത്തെ സർവകക്ഷിയോഗം ചർച്ചകൾ ലക്ഷ്യമിട്ടല്ല, മിന്നലാക്രമണം നടപ്പാക്കിയതെങ്ങനെയെന്ന വിശദീകരണം മാത്രമായിരുന്നു.

Pulwama Attack
Comments (0)
Add Comment