കലാപം അടങ്ങാതെ ഇടതുമുന്നണി ; പരസ്യ പ്രതിഷേധവുമായി പ്രവർത്തകർ, വിശദീകരിക്കാനാകാതെ നേതൃത്വം

 

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ സ്ഥാനാർത്ഥി നിർണയത്തിലും വെട്ടിനിരത്തലിലും സീറ്റ് വിഭജനത്തിലും സിപിഎമ്മിന് പിന്നാലെ സിപിഐയിലും പ്രതിഷേധം പരസ്യമായതോടെ ഇടതുമുന്നണിയില്‍ പ്രതിസന്ധി രൂക്ഷമായി. തങ്ങളുടെ വികാരത്തെ മാനിക്കാതെയുള്ള സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപനം അണികളുടെ രോഷം കൂട്ടിയിരിക്കുകയാണ്. പൊന്നാനിക്ക് പിന്നാലെ കോഴിക്കോട് കുറ്റ്യാടിയിലും കൊല്ലത്ത് ചടയമംഗലത്തും നിരവധി പ്രവർത്തകർ മുന്നണിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

പിണറായി മന്ത്രിസഭയിലെ 8 മന്ത്രിമാരെ തള്ളിക്കൊണ്ടായിരുന്നു സിപിഎം സിപിഐ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നത്. ഇരു പാർട്ടികളുടെയും നിയമസഭാ കക്ഷി നേതൃനിരയിൽ അടിമുടിമാറ്റം കൊണ്ടുവരാനുള്ള നീക്കമാണെങ്കിലും സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണയവും ഇരുപാർട്ടികളിലും അസുഖകരമായ ചലനങ്ങൾക്ക് വഴിവെച്ചു എന്ന ആശങ്ക സിപിഎം നേതൃത്വത്തിലും എൽഡിഎഫിലും ഉയർന്നിട്ടുണ്ട്. പ്രത്യേകിച്ചും അണികൾക്കിടയിൽ പരസ്യപ്രതിഷേധത്തിന് വഴിവെച്ചതിന് പിന്നിലെ കാരണവും ഇതുതന്നെയാണ്. പൊന്നാനിയിലെ സ്ഥാനാർത്ഥി നിർണയത്തിനെതിരായ പ്രതിഷേധം സമീപമണ്ഡലങ്ങളായ നാദാപുരത്തെയും വടകരയെയും ബാധിക്കുമെന്ന ഭീതിയിലാണ് സിപിഎം. കേരളാ കോൺഗ്രസിന് സീറ്റ് വിട്ടുനൽകിയതില്‍ സിപിഎമ്മിനെതിരെ കോഴിക്കോട് കുറ്റ്യാടിയില്‍ വലിയ പ്രതിഷേധമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. കൊല്ലം ജില്ലയിലെ ചടയമംഗലം സീറ്റിലെ സ്ഥാനാർത്ഥി നിർണയത്തില്‍ പ്രതിഷേധവുമായി സിപിഐ പ്രവർത്തകരും തെരുവിലിറങ്ങി. ഇതെല്ലാം മുന്നണിയെ സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്.

അതേസമയം രണ്ട് ടേം നിബന്ധന പ്രാബല്യത്തിലാക്കുന്നതു സംബന്ധിച്ച് നേരത്തെയും സൂചനകൾ നൽകിയിരുന്നുവെങ്കിലും മന്ത്രിമാർ അടക്കമുള്ള ഭൂരിപക്ഷം പേരും അതിൽ ഇളവു കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു. മന്ത്രിമാരായ പി തിലോത്തമൻ, വി.എസ് സുനിൽകുമാർ, കെ രാജു എന്നിവരെയാണ് സിപിഐ ഒഴിവാക്കിയത്. ഇത്തരം വെട്ടിനിരത്തലുകളും ഒഴിവാക്കലുകളും അണികളിലും ചിന്താക്കുഴപ്പത്തിന് കാരണമായി. നിലവിൽ സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണയവും അസുഖകരമായ ചലനങ്ങൾക്ക് വഴിവച്ചു എന്ന ആശങ്ക സിപിഎം നേതൃത്വത്തിലും എൽഡിഎഫിലും ഉയർന്നിട്ടുണ്ട്. ഇതുതന്നെയാണ് പെട്ടെന്നുള്ള അണികളുടെ പ്രതിഷേധത്തിനും വഴിവെച്ചത്. ഇതോടെ സീറ്റ് വിഭജനം സംബന്ധിച്ച് പ്രവർത്തകരുടെ ആശങ്കകൾക്കും സന്ദേഹങ്ങൾക്കും വിശദീകരണം നൽകേണ്ട ബാധ്യതയിലായിരിക്കുകയാണ് ഇടത് നേതൃത്വം. അതേസമയം ഇത്തരം തീരുമാനങ്ങള്‍ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ഇത് എത്രത്തോളം തിരിച്ചടിയാകുമെന്നതും കണ്ടറിയാം.

Comments (0)
Add Comment