കൊവിഡ് ബാധിതനായ പൊതു പ്രവർത്തകനെ അധിക്ഷേപിച്ച മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം

Jaihind News Bureau
Friday, March 27, 2020

കൊവിഡ് ബാധിതനായ പൊതു പ്രവർത്തകനെ അധിക്ഷേപിച്ച മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. കൊവിഡ് പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു എന്ന് ആക്ഷേപം. രോഗം ബാധിക്കുന്നതിന് മുമ്പാണ് പൊതുപ്രവർത്തകൻ തലസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളെ കണ്ടത്. രോഗം സംശയിക്കപ്പെട്ട ശേഷം അദ്ദേഹം പുറത്തിറങ്ങിയിരുന്നില്ല. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരായ പരാമർശങ്ങള്‍ ദൗർഭാഗ്യകരമാണെന്നാണ് പൊതുവികാരം

പൊതുപ്രവർത്തകൻ കാസർകോട് മുതൽ തിരുവനന്തപുരം വരെ സഞ്ചരിച്ചു എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.

താന്‍ യാത്ര ചെയ്തത് രോ​ഗം അറിയാതെയാണെന്നും ഒട്ടേറെ ആളുകളുമായി ഇടപഴകുകയും ചെയ്തെന്നും ഇടുക്കിയിൽ കൊറോണ സ്ഥിരീകരിച്ച പൊതുപ്രവർത്തകൻ നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ തനിക്ക് അതിയായ വേദനയും ദുഖവുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞാണ് രോ​ഗവിവരം അറിയുന്നതെന്നും ഫെബ്രുവരി 29 മുതൽ താനുമായി അടുത്തിടപെഴുകിയവർ ദയവായി പരിശോധനകൾക്ക് വിധേയരാകണമെന്നും അദ്ദേഹം അഭ്യർത്ഥിയ്ക്കുന്നു.

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ കഴിയുന്ന പൊതുപ്രവര്‍ത്തകന്‍റെ അഭ്യര്‍ഥനയുടെ പൂർണരൂപം :

ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞാണ് എനിക്ക് കോവിഡ് രോഗമുണ്ടെന്ന് അറിയുന്നത്. എന്‍റെ രോഗത്തേക്കാള്‍ ഉപരി പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഒട്ടേറെ ആളുകളുമായി ഇടപഴകുകയും യാത്രകള്‍ ചെയ്യേണ്ടതായും വന്നിട്ടുണ്ട്.ഇക്കാര്യത്തില്‍ എനിക്കു വലിയ വേദനയും ദുഖവുമുണ്ട്. ഫെബ്രുവരി 29 മുതലുള്ള കാലയളവില്‍ ഞാനുമായി അടുത്ത് ഇടപഴകിയിട്ടുള്ളവരോ സംസാരിക്കുകയോ ചെയ്തിട്ടുള്ള എന്‍റെ പരിചയക്കാരും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമായിട്ടുള്ള ആളുകള്‍ അവരവരുടെ തൊട്ടടുത്തുള്ള ആരോഗ്യപ്രവര്‍ത്തകരെ സമയബന്ധിതമായി ബന്ധപ്പെടാനും ആവശ്യമായ മുന്‍കരുതലെടുക്കാനും തയാറാകണമെന്ന് വിനയപൂര്‍വം അഭ്യര്‍ഥിക്കുന്നു.

ഞാന്‍ യാത്ര ചെയ്ത മേഖലകളുമായും തിരുവനന്തപുരവുമായും എനിക്ക് ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്. ഇതിനിടയില്‍ എനിക്ക് ഓര്‍മയിലില്ലാത്ത പല ആളുകളുമുണ്ട്. പലരും പല കാര്യങ്ങള്‍ക്കും എന്നെ ബന്ധപ്പെട്ടിട്ടുണ്ട്. പലപ്പോഴും ദിവസം 150-200 കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ എന്നെ സ്‌നേഹിക്കുകയും സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്ത ഒരുപിടി സാധാരണക്കാരായ ആളുകള്‍ ഇതിലുള്‍പ്പെടുന്നു. പരിശോധനയില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാവരും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ഒരിക്കല്‍കൂടി അഭ്യര്‍ഥിക്കുന്നു.