നവമാധ്യമങ്ങളില്‍ വെല്ലുവിളി, സിപിഎം ക്രിമിനലുകള്‍ക്ക് പിന്തുണ ; പെരിയ നിയമനത്തെ അനുകൂലിച്ച് സർക്കാർ അഭിഭാഷക ; പ്രതിഷേധം

Jaihind Webdesk
Tuesday, June 22, 2021

കാസർകോട് : പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ജില്ലാ ആശുപത്രിയില്‍ നിയമനം നല്‍കിയതിനെ അനുകൂലിച്ചും പ്രതികളെ പിന്തുണച്ചും   പബ്ലിക് പ്രോസിക്യൂട്ടർ. ഹൊസ്ദുർഗ് പോക്സോ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർ കല്യോട്ടെ പി.ബിന്ദുവാണ് അധികാര ദുർവിനിയോഗം നടത്തി ക്രിമിനലുകളെ പരസ്യമായി പിന്തുണച്ചത്.

പൊതുഖജനാവിൽ നിന്ന് ശമ്പളം പറ്റി ഇരകളോടൊപ്പം നിൽക്കേണ്ട പബ്ലിക് പ്രോസിക്യൂട്ടർ വേട്ടക്കാരെ ന്യായീകരിക്കുന്നത് നീതിന്യായ രംഗത്ത് കേട്ടുകേൾവിയില്ലാത്ത സംഭവമായി മാറുന്നു. സിപിഎം നേതൃത്വത്തിൻ്റെ പ്രശംസ പിടിച്ചുപറ്റി കസേര ഉറപ്പിക്കാനാണ് ന്യായീകരണമെന്നും  ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇരിക്കുന്ന കസേരയുടെ മൂല്യമറിയാത്ത പബ്ലിക് പ്രോസിക്യൂട്ടർ പരസ്യമായി വേട്ടക്കാർക്കൊപ്പം നിന്നത് ജുഡീഷ്യറിയോടുള്ള വെല്ലുവിളിയാണെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ബിന്ദുവിനെതിരെ കല്യോട്ട് രക്തസാക്ഷികളുടെ ബന്ധുക്കൾ കേരള ജസ്റ്റിസ് രജിസ്ട്രാർ, മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ എന്നിവർക്ക് പരാതി നൽകാനൊരുങ്ങുകയാണ്.

സിപിഎം പ്രവർത്തകർ ഉള്‍പ്പെട്ട ‘പെരിയയുടെ പോരാളി’ എന്ന ഗ്രൂപ്പിൽ കൊലപാതക കേസിലെ മുഖ്യപ്രതി എ പീതാംബരൻ്റെ ഫോട്ടോയോടൊപ്പമായിരുന്നു ‘കമ്മ്യൂണിസ്റ്റ് വിരുദ്ധർക്ക് ഇവർ കൊലയാളികളായിരിക്കാം നമ്മൾക്കവർ എന്നും സഖാക്കളാണ്’ എന്നു തുടങ്ങുന്ന ബിന്ദുവിന്‍റെ കുറിപ്പ് അവസാനിക്കുന്നത്.  കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ അവസാന കാലത്താണ് പോക്സോ കോടതി സ്പെഷ്യൽ പ്രോസിക്യൂട്ടറായി ബിന്ദുവിന് നിയമനം നൽകിയത്.