കോഴിക്കോട്: ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം വര്‍ഷംതോറും വര്‍ധിച്ചുവരുന്നു. പിന്നിട്ട മൂന്ന് വര്‍ഷവും 26,27,30 എന്നിങ്ങനെ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിക്കുന്നുവെന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട്. അതോടൊപ്പം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ കുറവും സംഭവിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങള്‍ മുഴുവന്‍ ലാഭത്തിലാക്കുമെന്ന് ഉറപ്പുപറഞ്ഞ് അധികാരത്തിലെത്തിയ ഇടതുസര്‍ക്കാരിന്, ലാഭത്തിലാക്കാന്‍ പറ്റിയില്ലെന്നുമാത്രമല്ല, കൂടുതല്‍ എണ്ണം നഷ്ടത്തിലാക്കാനെ കഴിഞ്ഞുള്ളൂ.
നിയമ സഭയില്‍ എ.പി അനില്‍കുമാറിന്റെ ചോദ്യത്തിന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ എഴുതി നല്‍കിയ മറുപടിയിലാണ് സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ ലാഭ നഷ്ട വിവരങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവയുടെ എണ്ണം ഓരോ വര്‍ഷവും കുറയുമ്പോള്‍, നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നവയുടെ എണ്ണം 3 വര്‍ഷമായി കൂടിവരുന്നുവെന്ന് മന്ത്രി വ്യക്തമാക്കുന്നു. 2016ല്‍- 13ഉം 2017ല്‍ 14 ഉം സ്ഥാപനങ്ങള്‍ ലാഭത്തിലായപ്പോള്‍, 2018ല്‍ അത് 12 ആയി കുറഞ്ഞു. എന്നാല്‍ 2016ല്‍ 27 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലായിരുന്നപ്പോള്‍, 2017ല്‍ അത് 26 ആയി. പക്ഷെ 2018ല്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നവയുടെ എണ്ണം 30 ആയി വര്‍ധിച്ചു. മാത്രമല്ല, 673കോടിയോളം രൂപയുടെ നഷ്ടമാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഈ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ സര്‍ക്കാരിനുണ്ടാക്കിയത്.
പൊതുമേഖലാ സ്ഥാപനങ്ങളെ മുഴുവന്‍ വീണ്ടും ലാഭത്തിലാക്കുമെന്ന് ഉറപ്പ് നല്‍കിയായിരുന്നു പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ കയറിയത്. എന്നാല്‍ ലാഭത്തിലാക്കാന്‍ സാധിച്ചില്ലെന്നുമാത്രമല്ല, കൂടുതല്‍ എണ്ണം നഷ്ടത്തിലാവുകയും ചെയ്തു. ഇന്നലെ പുറത്തിറക്കിയ പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പൊതുമേഖലാ വ്യവസായം സംബന്ധിച്ച് പരാമര്‍ശമുള്ള 46ാം പേജില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ കണക്കുകള്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്. പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നവയുടെ കാര്യം സര്‍ക്കാര്‍ മനപ്പൂര്‍വ്വം മറച്ചുവച്ചു. വരുന്ന രണ്ട് വര്‍ഷംകൊണ്ട് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ എങ്ങനെ ലാഭത്തിലാക്കാമെന്നോ, കൂടുതല്‍ എണ്ണം നഷ്ടത്തിലാകാതിരിക്കാന്‍ എന്തുചെയ്യുമെന്നോ സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിട്ടില്ല.