രാജ്യം തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടത്തിലേക്ക്; ബംഗാളിൽ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; മറ്റിടങ്ങളില്‍ നാളെ

Jaihind Webdesk
Thursday, May 16, 2019

തെരഞ്ഞെടുപ്പിന്‍റെ ആറുഘട്ടം കഴിഞ്ഞപ്പോൾ പൂർത്തിയായത് 483 സീറ്റുകളിലേക്കുളള വോട്ടെടുപ്പാണ്. ഇനി അവശേഷിക്കുന്നത് ഏഴ് സംസ്ഥാനങ്ങളിലെ 58 മണ്ഡലങ്ങളും ഒരു കേന്ദ്രഭരണ പ്രദേശ മണ്ഡലവും അടക്കം 59 ഇടങ്ങളിലെ വോട്ടെടുപ്പാണ്. ഉത്തർപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ പതിമൂന്നും, ബീഹാറിലും മധ്യപ്രദേശിലും 8 വീതവും, പശ്ചിമബംഗാളിൽ ഒൻപതും, ഹിമാചൽ പ്രദേശിൽ നാലും, ജാർഗണ്ഡിൽ മൂന്നും, ചണ്ഡീഗട്ടിൽ ഒരു സീറ്റിലേക്കുമാണ് അവസാനഘട്ട വോട്ടെപ്പ് നടക്കുന്നത്. ബംഗാളിൽ ഇന്നും മറ്റു മണ്ഡലങ്ങളിൽ നാളെയുമാണ് പരസ്യപ്രചരണം അവസാനിക്കുന്നത്. മെയ് 19നാണ് ഏഴാം ഘട്ട തെരഞ്ഞെടുപ്പ്. 23നാണ് വോട്ടെണ്ണല്‍.

59 മണ്ഡലങ്ങളിലായി 918 സ്ഥാനാര്‍ത്ഥികളാണ് ഏഴാം ഘട്ടത്തില്‍ മത്സരരംഗത്തുള്ളത്. അവസാന ഘട്ട വോട്ടെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള കഠിന യത്നത്തിലാണ് പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും. കയ്യാങ്കളിയും അക്രമവും വരെ ഇതിനായി ഉപയോഗിച്ചതോടെ തെരഞ്ഞെടുപ്പ് കമ്മീഷന് വരെ ഇടപെടേണ്ടി വന്നിരിക്കുകയാണ്. അതേസമയം, സംസ്ഥാനത്തെ അന്തരീക്ഷം മോശമാണെന്ന് മനസ്സിലായെങ്കില്‍ എന്തു കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ തന്നെ തെരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടില്ല എന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ചോദിക്കുന്നത്. ഇന്ന് മോദി നടത്താനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണം തടസ്സപ്പെടാതിരിക്കാന്‍ വേണ്ടി മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഈ ആനുകൂല്യമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ പറഞ്ഞു.