ആറാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് : കൊട്ടിക്കലാശം ഇന്ന്; തെരഞ്ഞെടുപ്പ് 59 മണ്ഡലങ്ങളില്‍

Jaihind Webdesk
Friday, May 10, 2019

ആറാംഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. രാജ്യ തലസ്ഥാനമടക്കം 59 മണ്ഡലങ്ങളാണ് ആറാം ഘട്ടത്തിൽ വിധി എഴുതുന്നത്. ഞായറാഴ്ചയാണ് വോട്ടെടുപ്പ്.

ഈ മാസം 19ന് നടക്കുന്ന ഏഴാം ഘട്ട വോട്ടെടുപ്പോടെ ലോക്‌സഭ തെരഞ്ഞെടുപ്പിന് തിരശ്ശീല വീഴും. 23നാണ് വോട്ടെണ്ണല്‍. ബീഹാര്‍, ഡല്‍ഹി, ഹരിയാന, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് ആറാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളില്‍ എല്ലാ മണ്ഡലങ്ങളിലും ഈ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡല്‍ഹിയിലെ ഏഴും ഹരിയാനയിലെ 11ഉം ലോക്‌സഭ മണ്ഡലങ്ങളാണ് പോളിങ് ബൂത്തിലെത്തുക. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ ഇവിടങ്ങളിലെ പരസ്യപ്രചാരണം അവസാനിക്കും. ഇതോടെ 59 മണ്ഡലങ്ങളില്‍ കൊട്ടിക്കലാശമാകും.

ഡല്‍ഹിയെ കൂടാതെ ഉത്തര്‍പ്രദേശിലെ 14ഉം, ഹരിയാനയിലെ 10ഉം, ബീഹാറിലെയും മധ്യപ്രദേശിലെയും പശ്ചിമ ബംഗാളിലെയും 8 വീതവും, ജാര്‍ഖണ്ഡിലെ 4ഉം മണ്ഡലങ്ങളിലാണ് ആറാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ത്രിപുര വെസ്റ്റ് മണ്ഡലത്തിലെ 168 പോളിങ് ബൂത്തുകളില്‍ പ്രഖ്യാപിച്ച റീപോളിങും ഞായറാഴ്ച നടക്കും.  കഴിഞ്ഞ ഘട്ടങ്ങളില്‍പരക്കെ സംഘര്‍ഷം ഉണ്ടായ പശ്ചിമ ബംഗാളില്‍ അഞ്ചാം ഘട്ടത്തിന് സമാനമായി പോളിങ് ദിവസം ബൂത്തുകളില്‍ കേന്ദ്രസേനയെ വിന്യസിക്കും.

ഡല്‍ഹിയില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിത്, അജയ് മാക്കന്‍, ബിജെപി സ്ഥാനാര്‍ഥിയും ക്രിക്കറ്ററുമായ ഗൗതം ഗംഭീര്‍,  ബിജെപി നേതാവ് മീനാക്ഷി ലേഖി എന്നീ പ്രമുഖര്‍ ജനവിധി തേടുന്നുണ്ട്.

കൊട്ടിക്കലാശ ദിവസം പ്രചാരണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശിലും  രാഹുല്‍ ഗാന്ധി ഹിമാചല്‍ പ്രദേശ്, ചണ്ഡിഗഢ് എന്നിവിടങ്ങളിലുമാണുള്ളത്.