ഹവാല ഇടപാട്: ഇടത് MLA P.T.A റഹീമിന്‍റെ മകനും മരുമകനും അറസ്റ്റില്‍

 

ഹവാല ഇടപാട് കേസിൽ ഇടത് എം.എൽ.എ പി.ടി.എ റഹീമിന്‍റെ മകനേയും, മരുമകനേയും സൗദിപോലീസ് അറസ്റ്റുചെയ്തു. എം.എൽ.എയുടെ മകൻ പി.ടി ഷബീർ, മകളുടെ ഭർത്താവ് ഷബീർ വയോളി എന്നിവരാണ് അറസ്റ്റിലായത്. മരുമകൻ ഷബീർ വയോളിയുടെ പിതാവ് കൊടുവള്ളി നഗരസഭയിലെ എൽ.ഡി.എഫ് കൗൺസിലറാണ്. ഹവാല ഇടപാടുമായി ഇരുവർക്കും ബന്ധമുണ്ടെന്ന് നേരത്തേയും പരാതിയുണ്ടായിരുന്നു. ഇതുസംബന്ധിച്ച വിവരം സൗദി വിദേശകാര്യ മന്ത്രാലയം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സിന് കൈമാറി.

കുന്ദമംഗലം എം.എൽ.എ പി.ടി.എ റഹീമിന്‍റെ മകൻ പിടി. ഷബീർ, മകളുടെ ഭർത്താവ് ഷബീർ വയോളി എന്നിവരെ ദമാമിൽ വച്ചാണ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ഏതാനും ദിവസം മുമ്പാണ് ഇരുവരുടേയും അറസ്റ്റുണ്ടായതെന്നാണ് വിവരം. 4 ദിവസം മുമ്പ് ഇതുസംബന്ധിച്ച വിവരം നാട്ടിൽ അറിച്ചു. ഇരുവരും സൗദിയിൽ പോലീസ് കസ്റ്റഡിയിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെയും ഇരുവർക്കുമെതിരെ ഹവാല ഇടപാടുമായി ബന്ധമുള്ളതായി ആരോപണം ഉയർന്നിരുന്നു. ഇതുസംബന്ധിച്ച അന്വേഷണത്തിനിടെയാണ് സൗദിപോലീസ് ഇരുവരേയും ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും സൂചനയുണ്ട്. ഇതുസംബന്ധിച്ച വിവരം സൗദി വിദേശകാര്യ മന്ത്രാലയം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സിന് കൈമാറി.

അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾ സൗദിമന്ത്രാലയം ശക്തമാക്കിയ സാഹചര്യത്തിലാണ് ഇവരടക്കം 19 പേർക്കെതിരെ പോലീസ് നടപടിയെടുത്തിരിക്കുന്നത്. കൊടുവള്ളി പോലീസ് സ്‌റ്റേഷനിലും പിടി ഷബീർ, ഷബീർ വയോളി എന്നിവർക്കെതിരെ സ്വർണക്കടത്ത്, ഹവാല ഇടപാട് തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസുകളുണ്ടായിരുന്നെങ്കിലും അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്ന് ആക്ഷേപമുണ്ട്.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി സി.പി.എം നടത്തിയ യാത്രയ്ക്കിടെ കൊടുവള്ളി-കുന്ദമംഗലം ഭാഗങ്ങളിൽ ഹവാല പണമിടപാടുകാരന്‍റെ കൂപ്പർ കാറിൽ യാത്ര നടത്തിയത് വിവാദമായിരുന്നു. ഇതുകൂടാതെ പി.ടി.എ റഹീം എം.എൽ.എ ഉപയോഗിക്കുന്നത് സ്വർണക്കടത്ത് കേസ് പ്രതിയുടെ കാറാണെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.

എം.എൽ.എക്കും ബന്ധുക്കൾക്കും ഹവാല ഇടപാടുമായി ബന്ധമുണ്ടെന്ന തരത്തിൽ മുസ്ലീംലീഗും, യു.ഡി.എഫും നേരത്തെതന്നെ ആരോപണമുന്നയിച്ചിരുന്നു. എന്നാൽ അറസ്റ്റ് സംബന്ധിച്ച് തനിക്കറിയില്ലെന്നായിരുന്നു പി.ടി.എ റഹീം എം.എൽ.എയുടെ പ്രതികരണം.

 

pta rahim mlahawala
Comments (0)
Add Comment