‘ചെണ്ടകൊട്ടുകാരന്‍റെ കോഴിയെ തകില് കൊട്ടി പേടിപ്പിക്കരുത്’; മുഖ്യമന്ത്രിയോട് പി.ടി തോമസ്

Jaihind News Bureau
Friday, April 17, 2020

കെ.എം ഷാജി എംഎല്‍എക്കെതിരായ പ്രതികാരനടപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി പി.ടി തോമസ് എംഎല്‍എ.  ചെണ്ടകൊട്ടുകാരന്‍റെ  കോഴിയെ തകില് കൊട്ടി പേടിപ്പിക്കാൻ ശ്രമിക്കരുതെന്ന്  പി.ടി തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.

നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. കേസ് രാഷ്ട്രീയപ്രേരിതമെന്ന് അദ്ദേഹം പറഞ്ഞു. കേസിനെ യു.ഡി.എഫ് നിയമപരമായും രാഷ്ട്രീയപരമായും നേരിടും. മൂന്ന് വർഷം മുമ്പ് ആരോ കൊടുത്ത പരാതിയിൽ ഇപ്പോഴാണ് കേസെടുക്കുന്നത്. ഇതില്‍നിന്നുതന്നെ കേരളത്തിലെ ജനങ്ങൾക്ക് വസ്തുതകൾ ബോധ്യമാകും. എതിർ ശബ്ദമുയർത്തുന്നവരെ നിശബ്ദമാക്കുന്ന മോദിയുടെ പാതയാണ് പിണറായിയും സ്വീകരിച്ചിരിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന്‍റെ പേരില്‍ കെ.എം.ഷാജി എം.എല്‍.എയെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പറമ്പില്‍ എം.എല്‍.എയും പറഞ്ഞു.ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മുഖ്യമന്ത്രിയെ പിന്തുണച്ചതില്‍ തെറ്റുപറയാനാകില്ലെന്നും അദ്ദേഹം കേരളത്തിലെ അമിത് ഷായെ തന്നെയാണയാള്‍ പിന്തുണച്ചതെന്നും ഷാഫി പരിഹസിച്ചു.

കേരളത്തില്‍ ഇനി മറ്റൊരു അമിത് ഷാ വേണ്ട. മുണ്ടുടുത്ത മോദിക്കും അസഹിഷ്ണുതയോട് ആസക്തിയാണ് . ഏകാധിപതികളുടെ വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണ്തക്ക് മരുന്ന് പി.ആര്‍ ഏജന്‍സിക്ക് കുറിക്കാന്‍ കഴിയില്ല. അവര്‍ക്കത് തല്‍ക്കാലത്തേക്ക് മറച്ച് പിടിക്കാനെ കഴിയൂ. എന്നാല്‍ അതിനുള്ള ചികിത്സ ജനത്തിന്‍റെ പക്കലുണ്ട്. ഇത് കേരളമാണെന്ന് പിണറായി വിജയന്‍ മറക്കരുതെന്നും ഷാഫി പറഞ്ഞു.