മുതിർന്ന കോൺഗ്രസ് നേതാവ് പിടി തോമസ് എംഎല്‍എ അന്തരിച്ചു

Jaihind Webdesk
Wednesday, December 22, 2021

മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി  വർക്കിംഗ് പ്രസിഡന്‍റുമായ  പിടി തോമസ് എംഎല്‍എ (70) അന്തരിച്ചു. അര്‍ബുദ ബാധിതനായി വെല്ലൂർ സിഎംസി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ്  അന്ത്യം. തൃക്കാക്കര മണ്ഡലത്തിലെ നിയമസഭാംഗമായിരുന്നു.

തൊടുപുഴ മണ്ടലത്തില്‍ നിന്ന് രണ്ട് തവണ എംഎല്‍എയും 2009-14  ഇടുക്കിയില്‍ നിന്ന് എംപിയുമായിരുന്ന അദ്ദേഹം കോൺഗ്രസ് നിയമസഭാ കക്ഷി സെക്രട്ടറിയും എഐസിസി അംഗവുമായിരുന്നു. ഗ്രന്ഥകാരനും, വീക്ഷണം എഡിറ്ററായും,  മാനേജിംഗ് ഡയറക്ടറായും പ്രവർത്തിച്ചു.  രാഷ്ട്രീയ പ്രവർത്തനത്തിനൊപ്പം  പരിസ്ഥിതി പ്രവർത്തനത്തിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.

ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തിൽ പുതിയപറമ്പിൽ തോമസിന്‍റെയും അന്നമ്മയുടേയും മകനായി 1950 ഡിസംബർ 12നാണ് ജനനം. തൊടുപുഴ ന്യൂമാൻ കോളേജ്, മാർ ഇവാനിയോസ് കോളേജ് തിരുവനന്തപുരം, മഹാരാജാസ് കോളേജ് എറണാകുളം, ഗവ.ലോ കോളേജ് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

കെ.എസ്.യുവിലൂടെയാണ് പൊതുരംഗത്തെത്തിയത്. സംഘടനയുടെ കോളജ് യൂണിയൻ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡണ്ട്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു. 1980ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി. 80 മുതൽ കെപിസിസി, എഐസിസി അംഗമാണ്. ഭാര്യ ഉമാ തോമസ്. മക്കൾ വിഷ്ണു, വിവേക്.