എഴുത്തുകാരന്‍ എം മുകുന്ദനെതിരെ രൂക്ഷവിമര്‍ശനവുമായി പി.ടി തോമസ് എംഎല്‍എ. നിലപാടുകളില്‍ നിന്ന് വ്യതിചലിച്ച് കേവലം പിണറായി ഭക്തനായി മാത്രം മുകുന്ദന്‍ മാറിയെന്ന് പി.ടി തോമസ് കുറ്റപ്പെടുത്തി. ആധുനികതയില്‍ നിന്ന് ജീര്‍ണതയിലേക്കുള്ള മാറ്റമാണ് മുകുന്ദന്‍റെ പരിവര്‍ത്തനത്തിലൂടെ പ്രകടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘എന്താണ് ജീര്‍ണത’ എന്ന തലക്കെട്ടില്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പി.ടി തോമസ് എംഎല്‍എയുടെ വിമര്‍ശനം.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം :
എന്താണ് ജീര്‍ണ്ണത?
മലയാളത്തിലെ ആധുനികതയുടെ വക്താവായിരുന്നു എം. മുകുന്ദന്‍. ഭാഷയിലും സംസ്‌കാരത്തിലും ചിന്തയിലും പുതിയൊരു ഭാവുകത്വം സൃഷ്ടിക്കാനാണ് മുകുന്ദനും കാക്കനാടനും സേതുവും സക്കറിയയും, പുനത്തില്‍ കുഞ്ഞബ്‌ദുള്ളയുമുള്‍പ്പെടെയുള്ള ‘ആധുനിക’ എഴുത്തുകാര്‍ ശ്രമിച്ചത്.
ചോദ്യംചെയ്യലും നിഷേധവും എസ്റ്റാബ്ലിഷ്‌മെന്റിനോടുള്ള കലാപവുമാണ് ആധുനികതയുടെ ലക്ഷണമെന്ന് സ്ഥാപിക്കാന്‍ ‘എന്താണ് ആധുനികത’ എന്ന പേരില്‍ മുകുന്ദന്‍ ആധുനികതയ്‌ക്ക് ഒരു ലക്ഷണഗ്രന്ഥവുമെഴുതിയിട്ടുണ്ട്. ചരസ്സും കഞ്ചാവും വലിയ്‌ക്കുന്ന കള്‍ട്ട് ഫിഗറുകളെ മാതൃകകളാക്കി സൃഷ്ടിച്ച മുകുന്ദന്‍ ആധുനികതയുടെ പ്രവാചകനായി.
സമകാലീനനും മൗലികതയുള്ള വലിയ എഴുത്തുകാരനുമായ സി. രാധാകൃഷ്‌ണനാകട്ടെ ‘ആധുനിക’ വേലിയേറ്റങ്ങളെ സ്വന്തം പ്രതിഭകൊണ്ട് മറികടന്നു.
ഒരു തലമുറയെ അരാജകവാദികളാകാന്‍ പ്രേരിപ്പിച്ച മുകുന്ദന്‍ കഥകളില്‍ ചരസ്സിനു മാര്‍ക്കറ്റ് കുറഞ്ഞതോടെ മനസ്സില്ലാമനസ്സോടെ ‘ആധുനികത’യെ തള്ളിപ്പറഞ്ഞു. മയ്യഴിയില്‍ സ്ഥിരതാമസമാക്കിയശേഷം പിണറായി ഭക്തനായി. ഭക്തിമൂത്തപ്പോള്‍ വി.എസ്. അച്യുതാനന്ദനെ ആക്ഷേപിച്ചുകൊണ്ട് ഒരു ചെറുകഥയെഴുതി. ഭക്തന് കേരള സാഹിത്യ അക്കാദമി ചെയര്‍മാനായി അനുഗ്രഹം ലഭിച്ചു.
പിണറായി മുഖ്യമന്ത്രിയായതോടെ മുകുന്ദന് സ്ഥലകാലബോധം നഷ്ടമായതുപോലെ. ഭാഷയിലെ എല്ലാ വാക്കുകളുമുപയോഗിച്ചാണ് സ്‌തുതി. മുകുന്ദഭക്തി അവസാനിക്കുന്നില്ല: “എന്റെ അറിവില്‍ ബുദ്ധിജീവികളും സാംസ്‌കാരിക നായകരുമൊക്കെ ഏറ്റവും കൂടുതല്‍ ആക്രമിച്ചത് പിണറായി വിജയനെയാണ്, ഏകാകിയായ നേതാവാണ് പിണറായി.”
പിണറായിയെ വിമര്‍ശിക്കാന്‍ പാടില്ലെന്നാണ് എം. മുകുന്ദന്റെ നിലപാട്! മുകുന്ദന്‍ ഉള്‍പ്പെടെയുള്ള മിക്ക ബുദ്ധിജീവികളും പിണറായിക്കൊപ്പമാണ്. അപ്പോള്‍ പിന്നെ ആരാണാവോ ‘ആക്രമിച്ചത്?’ പിണറായി വിമര്‍ശനത്തില്‍ മനമുരുകുന്ന മുകുന്ദന്റെ വീട്ടില്‍നിന്ന് മുക്കാല്‍ മണിക്കൂര്‍ യാത്രചയ്‌താല്‍ പിണറായി ഭക്തന്മാര്‍ കശാപ്പു ചെയ്‌ത റ്റി. പി. ചന്ദ്രശേഖരന്റെ വീട്ടിലെത്താം. കണ്ണൂര്‍ ദിശയിലേക്ക് ഇതേവിധം പോയാല്‍ കശാപ്പു ഭക്തന്മാര്‍ കൊല ചെയ്‌ത ശുഹൈബിന്റെ വീടുകാണാം. ഇത്തരം മനുഷ്യക്കുരുതി നടക്കുമ്പോള്‍ മുകുന്ദന്‍ പിണറായി സ്‌തുതി തുടരുകയായിരുന്നു.
മനുഷ്യക്കുരുതിയില്‍ മനമലിയാത്തവര്‍ എഴുതുന്ന മഹാകാവ്യങ്ങള്‍ക്ക് എന്തു മാനവികതയാണ്? പിണറായിയെ വാക്കുകൊണ്ടുതൊട്ടാല്‍ മുകുന്ദന്റെ പ്രതികരണശേഷി ഉയരും, ഇതേ പിണറായിയുടെ അനുയായികള്‍ അറുംകൊല നടത്തിയാല്‍ പ്രതികരണമില്ല.
ഏതു ഭരണകൂടത്തിനെതിരെയും ഉയരേണ്ട വിമതസ്വരമാകണം മൗലികതയുള്ള എഴുത്തുകാരന്റേത്. പിണറായിയുടെ പൊലീസ്, സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ മാവോവാദി വേട്ടയുടെ പേരില്‍ കൊലപ്പെടുത്തിയപ്പോള്‍ കഥകളില്‍മാത്രം വിപ്ലവകാരികള്‍ക്കുവേണ്ടി കണ്ണീര്‍ വീഴ്‌ത്തുന്ന മുകുന്ദന്‍ കണ്ണുപൂട്ടിക്കളഞ്ഞു യുഎപിഎ ചുമത്തി രണ്ടു യുവാക്കളെ അഴിയെണ്ണിച്ചപ്പോള്‍ എസ്റ്റാബ്ലിഷ്‌മെന്റുകള്‍ക്കെതിരെ ചെറുത്തുനില്‌ക്കാന്‍ എഴുതിയ മുകുന്ദന്‍ എവിടെയായിരുന്നു?
ആധുനികതയില്‍ എം. മുകുന്ദനോടൊപ്പം പേര്‍ ചേര്‍ക്കപ്പെട്ടിട്ടുള്ള സേതുവും സക്കറിയയും ഇപ്പോഴും എഴുത്തില്‍ സജീവമാണ്. തങ്ങളുടെ സഹഎഴുത്തുകാരന്റെ ലജ്ജാകരമായ പിണറായി സ്‌തുതിയെക്കുറിച്ച് സഹഎഴുത്തുകാർ പ്രതികരിക്കണം. ‘എന്താണ് ആധുനികത’ എഴുതിയ എം. മുകുന്ദന്റെ പിണറായിക്കാലത്തെ ഒത്തുതീര്‍പ്പുകള്‍ മുന്‍നിര്‍ത്തി പുതിയ തലമുറയില്‍നിന്ന് എന്താണ് ജീര്‍ണ്ണതയെന്നൊരു ശീര്‍ഷകം പുറത്തുവരാതിരിക്കില്ല.
https://www.facebook.com/inc.ptthomas/photos/a.849848715037393/4311264882229075/