ഊരാളുങ്കലില്‍ അഡി. പ്രൈവറ്റ് സെക്രട്ടറി വഴി മുഖ്യമന്ത്രി നടത്തുന്ന ഇടപാടുകൾ അന്വേഷിക്കണം : പി.ടി തോമസ് എം എൽ എ

Jaihind News Bureau
Friday, October 30, 2020

 

കൊച്ചി: മുഖ്യമന്ത്രിക്കും ഊരാളുങ്കൽ സൊസൈറ്റിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി പി.ടി തോമസ് എം എൽ എ. ഊരാളുങ്കൽ സൊസൈറ്റിയിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി. എം. രവീന്ദ്രൻ വഴി പിണറായി നടത്തുന്ന ഇടപാടുകൾ അന്വേഷിക്കണമെന്ന് അദ്ദേഹം കൊച്ചിയിൽ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഊരാളുങ്കൽ സൊസൈറ്റിയുടെ സൈലന്‍റ് ഡയറക്ടറാണെന്ന് പി.ടി തോമസ് ആരോപിച്ചു. ഊരാളുങ്കൽ സൊസൈറ്റിയിൽ രവീന്ദ്രൻ വഴി പിണറായി നടത്തുന്ന ഇടപാടുകൾ അന്വേഷിക്കണം. ഊരാളുങ്കൽ സൊസൈറ്റിയിൽ നിന്ന് കൺസൾട്ടൻസി എന്ന നിലയിലോ മറ്റ് രീതിയിലോ എക്സാ ലോജിക്സോ ഡയറക്ടറും മുഖ്യമന്ത്രിയുടെ മകളുമായ വീണാ വിജയനോ എന്തെങ്കിലും ആനുകൂല്യം നൽകുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു.

പിണറായി വിജയൻ വട്ടപ്പൂജ്യമാണെന്നും അതുകൊണ്ട് ശിവശങ്കറിന്‍റെ  പ്രവൃത്തികളിൽ മുഖ്യ പങ്കാളിത്തം മുഖ്യമന്ത്രിക്കാണെന്നും പി.ടി തോമസ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഒരു മാസം തൃക്കാക്കര മണ്ഡലത്തിൽ താൻ സത്യാഗ്രഹ സമരം നടത്തുമെന്നും പിടി തോമസ് എം എൽഎ അറിയിച്ചു.