പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍; കണ്ണീരോടെ യാത്രാമൊഴി…

Jaihind Webdesk
Thursday, December 23, 2021

കൊച്ചി : നിറകണ്ണുകളോടെയാണ് പി.ടി തോമസിന് രാഷ്ട്രീയ കേരളം യാത്രാമൊഴി നൽകിയത്. വികാര നിർഭരമായിരുന്നു അന്ത്യയാത്രയുടെ ഓരോ നിമിഷങ്ങളും. തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനെത്തിയവരെല്ലാം പലപ്പോഴും വിതുമ്പിപ്പൊട്ടി.  കരച്ചിലടക്കാനാവാതെ ‘നിലപാടിന്‍റെ രാജകുമാരാ ജീവിക്കുന്നു ഞങ്ങളിലൂടെ’ എന്ന മുദ്രാവാക്യം അവർ ഉച്ചത്തില്‍ വിളിച്ചു.

 

 

ഇടുക്കി ഉപ്പുതോട്ടിലെ വസതിയിൽ നിന്ന് കൊച്ചി പാലാരിവട്ടത്തെ വീട്ടിലേക്ക് ഭൗതികദേഹം എത്തിച്ചപ്പോൾ പ്രിയപ്പെട്ട പി.ടിയെ അവസാനമായി ഒരു നോക്കുകാണാൻ ആയിരങ്ങളാണ് കാത്തുനിന്നിരുന്നത്. നിറകണ്ണുകളോടെയാണ് നേതാക്കളും പ്രവർത്തകരും പി.ടിയുടെ ഭൗതിക ദേഹം ഏറ്റുവാങ്ങിയത്. കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രി കെ കൃഷ്ണൻകുട്ടി, ചലച്ചിത്രതാരം മമ്മൂട്ടി എന്നിവർക്ക് പുറമെ കുടുംബാംഗങ്ങളും പി.ടി തോമസിന് അന്ത്യാഞ്ജലി നേർന്നു.

ഭൗതിക ദേഹം ഡിസിസി ഓഫീസിൽ എത്തിച്ചപ്പോഴും പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനായി നേതാക്കളും പ്രവർത്തകരും തിരക്കുകൂട്ടി. വിലാപയാത്ര കടന്നുപോയ വഴികളുടെ ഇരുവശങ്ങളിലും പി.ടിക്ക് യാത്രാമൊഴിയേകാൻ നൂറുകണക്കിന് ആളുകളാണ് കാത്തുനിന്നത്.
ഉച്ചക്ക് 12.45 ഓടെ ഭൗതിക ദേഹം എറണാകുളം ടൌൺ ഹാളിൽ എത്തിച്ചു. പി.ടി തോമസിന് അന്ത്യാഞ്ജലി അർപ്പിച്ച രാഹുൽ ഗാന്ധി അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചു.

സ്പീക്കർ എം.ബി രാജേഷ്, മന്ത്രി റോഷി അഗസ്റ്റിൻ, ചലച്ചിത്ര താരങ്ങളായ ഇടവേള ബാബു, ധർമ്മജൻ ബോൾഗാട്ടി തുടങ്ങി പ്രമുഖർക്കൊപ്പം ആയിരക്കണത്തിന് സാധാരണക്കാരും പി.ടിക്ക് അന്ത്യയാത്ര നൽകി. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലും ആയിരക്കണക്കിന് ആളുകൾ പി.ടിയുടെ അന്ത്യയാത്രക്ക് സാക്ഷികളായി. മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായി എംഎ  യൂസഫലി ഉൾപ്പെടെയുള്ള പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു. ഇരവിപുരം ശ്മശാനത്തിലേക്കുള്ള അന്ത്യയാത്രയിലും നൂറുകണക്കിന് ആളുകൾ ഭൗതിക ദേഹത്തെ അനുഗമിച്ചു.