‘ഓലപ്പാമ്പു കാട്ടി ഭയപ്പെടുത്താൻ ശ്രമിക്കുന്നത് വിലപോവില്ല’; സിപിഎമ്മിന്‍റെ വ്യാജപ്രചാരണങ്ങള്‍ക്കെതിരെ പി.ടി തോമസ്

Jaihind News Bureau
Saturday, May 2, 2020

തനിക്കെതിരായ സിപിഎമ്മിന്‍റെ വ്യാജപ്രചാരണങ്ങള്‍ക്കെതിരെ പി.ടി തോമസ് എംഎല്‍എ. പ്രളയ തട്ടിപ്പ് കേസിലെ പ്രതിയും സിപിഎം സർവീസ് സംഘടന അംഗവുമായ  വിഷ്ണു പ്രസാദുമായി തനിക്കും ഓഫീസിനും ബന്ധമുണ്ടെന്ന സിപിഎം  ആരോപണങ്ങള്‍ക്കെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്.  തട്ടിപ്പുകേസിൽ കൂട്ടു പ്രതിയായി ജയിലിൽ കിടക്കുകയും സിപിഎം നേതൃത്വം ഒളിപ്പിച്ചിട്ടുള്ളതും ആയ വിഷ്ണു പ്രസാദുമായി  ഒരു ബന്ധവും തനിക്കും ഓഫീസിനും സ്റ്റാഫുകൾക്കുമില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

തന്‍റെ ധാര്‍മികബോധവും ആത്മവിശ്വാസവുമാണ് ചില അപ്രിയ സത്യങ്ങള്‍ വിളിച്ചുപറയാന്‍ എന്നും ശക്തിപകരുന്നതെന്നും അത് തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ‘ഗാഡ്ഗിൽ റിപ്പോർട്ടിന്‍റെ പേരിൽ നിക്ഷിപ്ത താൽപര്യക്കാരായ ഒരു വലിയ സമൂഹം എന്നെ എതിർത്തപ്പോഴും എന്‍റെ പദവി നഷ്ടപ്പെട്ടപ്പോഴും അത്തരക്കാരോട് വിട്ടുവീഴ്ച ചെയ്യാൻ എന്‍റെ ധാർമികത എന്നെ അനുവദിച്ചിട്ടും ഇല്ല. പിണറായി ഭരണകൂടം കെ എം ഷാജിയെ വേട്ടയാടുന്നത് പോലെ എന്‍റെ പിന്നാലെയും ഫോൺ ചോർത്തലും മറ്റ് കലാ പരിപാടികളുമായി ചുറ്റി കറങ്ങുന്നത് ഞാൻ അറിയുന്നുണ്ട്. ഓലപ്പാമ്പു കാട്ടി ഭയപെടുത്താൻ ശ്രമിക്കുന്നത് വിലപോവില്ല’- പി.ടി തോമസ് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

പി.ടി തോമസ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കോഴിയെ കട്ടവന്റെ തലയിലെ പൂടയുണ്ടാവു…

എന്റെ ധാർമികബോധവും ആത്മവിശ്വാസവുമാണ് ചില അപ്രിയ സത്യങ്ങൾ വിളിച്ചു പറയുവാൻ എനിക്ക് എന്നും ശക്തിപകരുന്നത്. അത് തുടരുകയും ചെയ്യും.

പ്രളയ തട്ടിപ്പിലെ പ്രതിയും സിപിഎം സർവീസ് സംഘടന അംഗവുമായ സഖാവ് വിഷ്ണു പ്രസാദുമായി എനിക്കും എന്റെ ഓഫീസിനും ഉള്ള ബന്ധം എന്താണെന്ന് ജില്ലാ സഖാവ് മോഹനന്റെ ചോദ്യം കേട്ടു..

തട്ടിപ്പുകേസിൽ കൂട്ടു പ്രതിയായി ജയിലിൽ കിടക്കുന്നതും , സിപിഎം നേതൃത്വം ഒളിപ്പിച്ചിട്ടുള്ളതും ആയ സിപിഎം നേതാക്കളുമായി ആയി തട്ടിപ്പുകേസ് കേസ് പ്രതി വിഷ്ണു പ്രസാദിന് ഉള്ള പോലെ ഒരു ബന്ധവും എനിക്കോ എന്റെ ഓഫീസിനോ സ്റ്റാഫുകൾക്കോ ഇല്ല.

* പ്രളയ തട്ടിപ്പിലെ പ്രതികൾ ജില്ലാ സെക്രട്ടറിയുടെ അനുയായികൾ ആകുന്നത് എന്തുകൊണ്ട് ?

* അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടർ ആയ ഒരാൾ തൂങ്ങിമരിച്ചതും നിരവധി സഖാക്കൾ ഒളിവിൽ കഴിയുന്നതിനും കാരണമെന്താണ് ?

* മറ്റു പാർട്ടിക്കാർ ആരെങ്കിലും ഒളിവിൽ പോയിട്ടുണ്ടോ ?

* ഒളിവിൽപോയ സഖാക്കളെ പാർട്ടി ഓഫീസിൽ ഒളിപ്പിച്ച് അവിടെ പോലീസ് വിലക്കും ഏർപ്പെടുത്തി, തട്ടിപ്പുപണം പങ്കിട്ടെടുക്കുന്ന സംഘത്തിലും സിപിഎം സഖാക്കൾ അല്ലാതെ ഇതുവരെ മറ്റൊരു പാർട്ടിക്കാരനെയും കണ്ടെത്താത്തത് എന്താണ് ?

ചോദ്യങ്ങൾ നിരവധിയുണ്ട്.

ലക്ഷക്കണക്കിന് ജനങ്ങൾ പ്രളയദുരന്തത്തിൽ അകപ്പെട്ടപ്പോൾ സുമനസ്സുകൾ നൽകിയ ചില്ലികാശ് അടിച്ചുമാറ്റുന്ന സിപിഎമ്മിന്റെ സഖാക്കളെ സംരക്ഷിക്കുന്ന വിപ്ലവ സഖാവ് മോഹനന്റെ ഫേസ്ബുക് പ്രസംഗം പാർട്ടിയെ സ്നേഹിക്കുന്ന സഖാക്കൾ പോലും പുച്ഛിച്ചു തള്ളും.
പ്രളയ ഫണ്ട് തട്ടിപ്പ് അന്വേഷണം മുറുകും തോറും സിപിഎം പ്രമുഖ നേതാക്കൾ ഉൾപ്പെടുമെന്ന് ആശങ്കയും ഭീതിയും പരിഭ്രാന്തിയും വെപ്രാളവും സിപിഎം ജില്ലാ സെക്രട്ടറിയുടെ മുഖത്ത് നിഴലിക്കുന്നുണ്ട്.

ജില്ലാ സെക്രട്ടറി സഖാവിൻറെ വിശ്വരൂപം പൊതുജനങ്ങൾക്ക് അറിയില്ലെങ്കിലും പാർട്ടി സഖാക്കൾക്ക് അറിയാം.

അധികം പറയിപ്പിക്കാതെ നോക്കുന്നതാണ് നല്ലത്…

വാൽക്കഷ്ണം

എന്റെ നിയോജകമണ്ഡലത്തിലെ എല്ലാ വോട്ടർമാരും എന്റെ മാനസപുത്രൻമാരാണ്.
അവരുടെ സ്നേഹമാണ് എന്റെ കരുത്ത്.
എന്ന് കരുതി അവരുടെ തെറ്റുകൾക്ക് ഞാൻ കുട പിടിക്കാറുമില്ല.

ഗാഡ്ഗിൽ റിപ്പോർട്ടിന്റെ പേരിൽ നിക്ഷിപ്ത താൽപര്യക്കാരായ ഒരു വലിയ സമൂഹം എന്നെ എതിർത്തപ്പോഴും എന്റെ പദവി നഷ്ടപ്പെട്ടപ്പോഴും അത്തരക്കാരോട് വിട്ടുവീഴ്ച ചെയ്യാൻ എന്റെ ധാർമികത എന്നെ അനുവദിച്ചിട്ടും ഇല്ല.

പിണറായി ഭരണകൂടം
കെ എം ഷാജിയെ വേട്ടയാടുന്നത് പോലെ എന്റെ പിന്നാലെയും ഫോൺ ചോർത്തലും മറ്റ് കലാ പരിപാടികളുമായി ചുറ്റി കറങ്ങുന്നത് ഞാൻ അറിയുന്നുണ്ട്.

ഓലപ്പാമ്പു കാട്ടി ഭയപെടുത്താൻ ശ്രമിക്കുന്നത് വിലപോവില്ല…