‘വാക്കുകൊണ്ട് ഒരു പോറല്‍ പോലും ബിജെപിക്കെതിരെ ഇല്ല; പിണറായിയുടെ ഉഗ്രശാസനം ദേശാഭിമാനി നിര്‍വ്വഹിച്ചിരിക്കുന്നു’; പരിഹസിച്ച് പി.ടി തോമസ്

Jaihind News Bureau
Friday, August 7, 2020

 

രാമക്ഷേത്രത്തിന് തറക്കല്ലിട്ടതിന് പിന്നാലെയുള്ള സിപിഎം മുഖപത്രം ദേശാഭിമാനിയിലെ വാര്‍ത്തകളെ പരിഹസിച്ച് പി.ടി തോമസ് എംഎല്‍എ. സ്വർണ്ണക്കടത്തിലെ വിവാദം പുകഞ്ഞുനിൽക്കുമ്പോൾ വാക്കുകൊണ്ടോ, പ്രമേയം കൊണ്ടോ എഡിറ്റോറിയൽ കൊണ്ടോ ഒരു പോറല്‍പോലും ബിജെപിയ്ക്ക് ഉണ്ടാകാൻ പാടില്ലെന്ന പിണറായിയുടെ ഉഗ്രശാസനം ദേശാഭിമാനി നന്ദിപൂർവ്വം നിർവഹിച്ചിരിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘സംഘപരിവാറിന്‍റെ വളർച്ചയ്‌ക്കെതിരായി രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചോ നരേന്ദ്ര മോദിയും അമിത് ഷായും മറ്റ് സംഘപരിവാർ നേതാക്കളും നിരന്തരമായി നടത്തുന്ന വിഷം തുപ്പുന്ന പച്ചയായ വർഗീയതയാണ് രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ്നമെന്നോ സ്വന്തം അണികളെ ശക്തമായി ഓർമപ്പെടുത്തേണ്ട പാർട്ടി മുഖപത്രം ആ കടമ നിർവഹിച്ചില്ലെന്ന് മാത്രമല്ല, കോൺഗ്രസിനെയും ലീഗിനെയും നിശിതമായി വിമർശിക്കാൻ മറന്നതുമില്ല.ഈ അവസരത്തിൽ കോൺഗ്രസും ലീഗുമല്ല ബിജെപിയാണ്  മുഖ്യശത്രുവെന്ന് അർത്ഥശങ്കയ്ക്കിടമില്ലാതെ സിപിഎം വെളിപ്പെടുത്താതിരുന്നത് ബോധപൂർവമാണ്. പൊളിറ്റ്ബ്യൂറോയുടെയോ കേരള ഘടകം സെക്രട്ടറി കോടിയേരിയുടെയോ ഒരു പരാമർശം പോലും ബിജെപിയ്ക്ക് എതിരെ പാർട്ടി പത്രത്തിലില്ല.’-പി.ടി തോമസ് കുറിപ്പില്‍ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

രാമക്ഷേത്രത്തിന് തറക്കല്ലിട്ടതിന്റെ പിറ്റേന്ന് (06/08/2020) ഇറങ്ങിയ CPI (M) മുഖപത്രം ദേശാഭിമാനിയുടെ ഉള്ളടക്കം ഒന്ന് പരിശോദിച്ചാൽ CPI (M) – സംഘപരിവാർ പുക്കിൾകൊടി ബന്ധം മറയില്ലാതെ വായിച്ചെടുക്കാം.ലീഡർ പേജിൽ എഡിറ്റോറിയൽ — നിയമന വിവാദം സംബന്ധിച്ചാണ്. നിലപാട് ലേഖനം — “ഹിരോഷിമ ആവർത്തിക്കരുത് എന്നതുമായി ബന്ധപ്പെട്ടാണ്.
സജീവ പാർട്ടിക്കാരനല്ലാത്ത മന്ത്രി ജലീലിന്റെ ലേഖനം അടിമുടി തന്റെ പഴയ മാതൃ സംഘടനയായ ലീഗിനെതിരെയാണ്.എം ബി രാജേഷിന്റെ ലേഖനമാകട്ടെ കോൺഗ്രസ്‌ നേതാവ് പ്രിയങ്ക ഗാന്ധിയെ ആക്ഷേപിക്കാൻ മാത്രവുമാണ്.

സംഘപരിവാറിന്റെ വളർച്ചയ്‌ക്കെതിരായി രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചോ നരേന്ദ്ര മോദിയും, അമിത് ഷായും, മറ്റ് സംഘപരിവാർ നേതാക്കളും നിരന്തരമായി നടത്തുന്ന വിഷം തുപ്പുന്ന പച്ചയായ വർഗീയതയാണ് രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ്നമെന്നോ സ്വന്തം അണികളെ ശക്തമായി ഓർമപ്പെടുത്തേണ്ട പാർട്ടി മുഖപത്രം ആ കടമ നിർവഹിച്ചില്ലയെന്ന് മാത്രമല്ല- കോൺഗ്രസിനെയും ലീഗിനെയും നിശിതമായി വിമർശിക്കാൻ മറന്നതുമില്ല.

ഈ അവസരത്തിൽ കോൺഗ്രസ്സും-ലീഗുമല്ല BJP യാണ് മുഖ്യ ശത്രുയെന്ന് അർത്ഥശങ്കയ്ക്കിടമില്ലാതെ CPI (M) വെളിപ്പെടുത്താതിരുന്നത് ബോധപൂർവമാണ്. പോളിറ്റ് ബ്യുറോയുടെയോ, കേരള ഘടകം സെക്രട്ടറി കൊടിയേരിയുടെയോ ഒരു പരാമർശം പോലും BJP യ്ക്ക് എതിരെ പാർട്ടി പത്രത്തിലില്ല. “രാമനെന്നാൽ നീതിയാണ് അദ്ദേഹം അനീതിക്കൊപ്പം ഉണ്ടാകില്ലെന്ന”രാഹുൽ ഗാന്ധിയുടെ ഉറച്ച നിലപാടിനെയും ദേശാഭിമാനി മനഃപൂർവ്വം തമസ്ക്കരിച്ചു.സ്വർണ്ണക്കടത്തിലെ വിവാദം പുകഞ്ഞുനിൽക്കുമ്പോൾ- വാക്കുകൊണ്ടോ, പ്രമേയം കൊണ്ടോ എഡിറ്റോറിയൽ കൊണ്ടോ ഒരു പോറലുപോലും BJP യ്ക്ക് ഉണ്ടാകാൻ പാടില്ലായെന്ന പിണറായിയുടെ ഉഗ്രശാസനം ദേശാഭിമാനി നന്ദിപൂർവ്വം നിർവഹിച്ചിരിക്കുന്നു. സഖാക്കൾക്ക് ആനന്ദലബ്ധിയ്ക്ക് ഇതിൽപ്പരം എന്തുവേണം !