‘സ്വപ്‌നയെ അറിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്, സ്വപ്ന ക്ലിഫ് ഹൗസിലും എത്തി’; സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് പി.ടി തോമസ് എംഎല്‍എ

Jaihind News Bureau
Thursday, July 9, 2020

 

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെ അറിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് പി.ടി തോമസ് എംഎല്‍എ. മുന്‍ ഐ.ടി സെക്രട്ടറി ശിവശങ്കറിനൊപ്പം സ്വപ്‌ന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയിട്ടുണ്ട്. ക്ലിഫ് ഹൗസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്പ്രിങ്ക്ളർ വിവാദം ഉണ്ടായപ്പോൾ ഐടി സെക്രട്ടറി വിശദീകരിക്കും എന്ന് പറഞ്ഞ മുഖ്യമന്ത്രി കള്ളക്കടത്ത് വിവാദം വിശദീകരിക്കാൻ ശിവശങ്കറിനോട് ആവശ്യപ്പെടാത്തതെന്തു കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

കേസില്‍ സിആർപിസി അനുസരിച്ച് കേരള പൊലീസിന് കേസെടുക്കാന്‍ കഴിയുമെന്നിരിക്കെ എന്തു കൊണ്ട് കേസെടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഡിജിപി ലോക്നാഥ് ബെഹറയുടേയും ശിവശങ്കറിന്‍റെയും വിദേശാത്രകള്‍ പരിശോധിക്കണം. ലോക കേരള സഭയുടെ നടത്തിപ്പ് സംബന്ധിച്ചും പങ്കെടുത്തവരെകുറിച്ചും ഇതു സംബന്ധിച്ച പ്രവർത്തനങ്ങളെ കുറിച്ചും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശതകോടീശ്വരൻ മാരുടെ മനസാക്ഷി സൂക്ഷിപ്പുക്കാരനായി പിണറായി മാറിയെന്നും അദ്ദേഹം പറഞ്ഞു. പിണറായി സി.പി.എമ്മിനെ വരച്ച വരയിൽ നിർത്തി. സ്വർണ്ണക്കടത്തില്‍ പ്രതിയായ വ്യക്തിയുടെ കട ഉദ്ഘാടനത്തിന് പോയ സ്പീക്കർ ഇക്കാര്യങ്ങൾ അറിഞ്ഞില്ല എന്ന് പറയുന്നത് വിശ്വസനീയമല്ല. പാർട്ടി ഘടകങ്ങൾ അറിയാതെ സ്പീക്കർ പരിപാടിക്ക് പോകില്ല. കോടിക്കണക്കിന് രൂപയുടെ സ്വർണ്ണം പിടിച്ചിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണ്. അന്വേഷണം വൈകിപ്പിക്കുന്നത് പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ്. അടിയന്തരമായി തെളിവുകൾ ശേഖരിച്ചില്ലെങ്കിൽ കേസ് അട്ടിമറിക്കപ്പെടും.  വിഷയത്തിൽ കേന്ദ്രം അടിയന്തര ഇടപെടൽ നടത്തണം. കാബിനറ്റ് വിളിച്ച് ചേർത്ത് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാത്തത് എന്ത് കൊണ്ടെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിക്കും നളിനി നെറ്റോക്കും ഒപ്പം സ്വപ്ന ഇരിക്കുന്ന ഫോട്ടോ പുറത്ത് വന്നിട്ടും അവരെ അറിയില്ല എന്ന് പറയുന്ന മുഖ്യമന്ത്രി രാജിവെക്കണം. സി.പി.എം നേതൃത്വം മുഖ്യമന്ത്രിയുടെ ചൊൽപടിയിലാണ്. ഐടി സ്ഥാപനങ്ങളിലെ നിയമനങ്ങളെ കുറിച്ച് ഏപ്രിലിൽ നൽകിയ വിവരാവകാശ പ്രകാരമുള്ള അപേക്ഷക്ക് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.  സ്പേസ് കോൺക്ലേവ് നടന്ന് ഒരു മാസം കഴിഞ്ഞ് 20 ദിവസം പൂർത്തികരിച്ചപ്പോൾ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അനിൽ കുമാർ സ്വപ്നയേയും വിമാനത്താവളത്തിലേ ഒരു ജീവനക്കാരനെയും ചോദ്യം ചെയ്തിരുന്നു.ഇത് മുഖ്യമന്ത്രി അറിഞ്ഞില്ല എന്നത് കളവ്.ഇതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.