കടമ്പ്രയാർ : വെല്ലുവിളികൾക്ക്  22 ന് മറുപടി നല്‍കുമെന്ന് പി.ടി തോമസ് ; ‘ഇനാം തുക കുട്ടികളുടെ ഓൺലൈൻ പഠനത്തിന് ഉപയോഗിക്കും’

Jaihind Webdesk
Saturday, June 19, 2021

കൊച്ചി : കടമ്പ്രയാർ മലിനീകരണവുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുള്ള വെല്ലുവിളികൾക്ക്  22 ന് മറുപടി നല്‍കുമെന്ന് പി.ടി തോമസ്  എംഎല്‍എ.  50 കോടി പോലെ വൻ തുക ഇനാം പ്രഖ്യാപിക്കുമ്പോൾ അതേക്കുറിച്ച് പൊതുസമൂഹത്തിന് വിശ്വാസ്യതയുണ്ടാക്കുന്നതിനായി എസ്ക്രോ അക്കൗണ്ടിൽ നിക്ഷേപിക്കാനുള്ള മാന്യത ബന്ധപ്പെട്ടവർ കാണിക്കേണ്ടതാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. വസ്തുതാപരമായ മറുപടിക്ക് ശേഷം  തുക ലഭിക്കുമ്പോൾ അത് ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത പാവപ്പെട്ട കുട്ടികൾക്ക് മൊബൈൽ വാങ്ങുന്നതിനായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആരോപണങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തെളിയിച്ചാല്‍ 50 കോടി രൂപ നല്‍കാമെന്ന് കിറ്റെക്സ് മാനേജിങ് ഡയറക്ടറും ട്വന്റി 20 പ്രസിഡന്റുമായ സാബു എം ജേക്കബ് പറഞ്ഞിരുന്നു.  2010-12 കാലയളവില്‍ തിരുപ്പൂരില്‍ ഹൈക്കോടതിയും സുപ്രീം കോടതിയും ഇടപെട്ട് അടച്ചു പൂട്ടിയ 150ഓളം ബ്ലീച്ചിംഗ്, ഡ്രൈയിംഗ് യൂണിറ്റുകളില്‍ നാലെണ്ണം കിറ്റെക്സിന്റേതാണെന്നും ഇവ പിന്നീട് കിഴക്കമ്പലത്ത് കൊണ്ടുവന്ന് സ്ഥാപിക്കുകയും, അതില്‍ നിന്നുള്ള രാസമാലിന്യങ്ങള്‍ ഒഴുക്കി കടമ്പ്രയാര്‍ മലിനമാക്കുന്നു എന്നുമായിരുന്നു പി ടി തോമസിന്റെ ആരോപണം.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

കടമ്പ്രയാർ മലിനീകരണവുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുള്ള വെല്ലുവിളികൾ ചില മാധ്യമങ്ങൾ ഏറ്റെടുത്തതുകൊണ്ടു മാത്രം അതിന് ഈ മാസം 22 ന് മറുപടി നൽകുന്നതാണ്. 50 കോടി പോലെ വൻ തുക ഇനാം പ്രഖ്യാപിക്കുമ്പോൾ, അതേക്കുറിച്ച് പൊതുസമൂഹത്തിന് വിശ്വാസ്യതയുണ്ടാക്കുന്നതിനായി എസ്ക്രോ അക്കൗണ്ടിൽ നിക്ഷേപിക്കാനുള്ള മാന്യത ബന്ധപ്പെട്ടവർ കാണിക്കേണ്ടതാണ്. വസ്തുതാപരമായ മറുപടിക്ക് ശേഷം ഈ തുക ലഭിക്കുമ്പോൾ അത്
ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത പാവപ്പെട്ട കുട്ടികൾക്ക് മൊബൈൽ വാങ്ങുന്നതിനായി ഉപയോഗിക്കുന്നതാണ് എന്നും അറിയിച്ചുകൊള്ളുന്നു.

 

https://www.facebook.com/inc.ptthomas/photos/a.849848715037393/4271475899541307/