ഇടത് യൂണിയന്‍ നേതാക്കളുടെ മാനസിക പീഡനം ; സെക്രട്ടറിയേറ്റ് ജീവനക്കാരി അവധിയെടുത്ത് ചികിത്സ തേടി

സെക്രട്ടറിയേറ്റിൽ വനിതാ ജീവനക്കാരി കടുത്ത മാനസിക പീഡനത്തെ തുടർന്ന് ജോലിയിൽ നിന്നും അവധിയെടുത്ത് ചികിത്സ തേടി. ധനകാര്യ വകുപ്പിലെ അസിസ്റ്റന്‍റ് സെക്ഷൻ ഓഫീസർ ആയ നിഷയാണ്  സഹപ്രവർത്തകർക്കെതിരെ പരാതി നൽകിയത്. സെക്രട്ടറിയേറ്റിലെ ഇടതുപക്ഷ സംഘടനാ നേതാക്കൾക്ക് എതിരെയാണ് അതേ യൂണിയനിലെ തന്നെ അംഗമായ വനിതാ ജീവനക്കാരിയുടെ പരാതി.

മുഖ്യമന്ത്രിയുടെ അധീനതയിലുള്ള സെക്രട്ടറിയേറ്റിലാണ് വനിതാജീവനക്കാരിക്ക് മാനസിക പീഡനം ഏൽക്കേണ്ടി വന്നത്. അതും ഭരണപക്ഷത്തിന്‍റെ യൂണിയൻ നേതാക്കളിൽ  നിന്നും. ധനകാര്യവകുപ്പിലെ അസിസ്റ്റന്‍റ് സെക്ഷൻ ഓഫീസർ ആയ നിഷയാണ് സ്വന്തം യൂണിയനിലെ തന്നെ നേതാക്കളുടെ മാനസിക പീഡനം കാരണം അവധിയെടുത്ത് ചികിത്സ തേടിയിരിക്കുന്നത്. സെക്രട്ടറിയേറ്റ് എംപ്ലോയീസ് യൂണിയൻ നിർവാഹക സമിതി അംഗങ്ങളായ നാസർ, ടി.പി ഷാജി, പത്മകുമാർ എന്നിവർ അന്യായമായി ഭീഷണിപ്പെടുത്തുന്നതായും മാനസികമായി ബുദ്ധിമുട്ടിക്കുന്നതായും നിഷയുടെ ഭർത്താവ് ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

ഇതിന് പുറമേ ധനകാര്യ വകുപ്പിലെ ഇന്‍റേണൽ കംപ്ലയ്ന്‍റ് കമ്മിറ്റിക്കും വനിതാ കമ്മീഷനും ധനകാര്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും യാതൊരുവിധ നടപടിയും ഉണ്ടായില്ലെന്നും അവർ വ്യക്തമാക്കി. ജോലി നഷ്ടപ്പെടുത്തുമെന്നും  സ്ഥാനക്കയറ്റം തടഞ്ഞു വെക്കുമെന്നും യൂണിയൻ  നേതാക്കൾ ഭീഷണിപ്പെടുത്തിയതായി നേരത്തെ നിഷയുടെ അമ്മ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. മാനസിക പീഡനത്തിന് പരാതി നൽകിയിട്ടും   ഇടതുപക്ഷ സംഘടനാ നേതാക്കളായത് കൊണ്ടാണ് അവർക്കെതിരെ യാതൊരു വിധ നടപടിയും ഉണ്ടാകാത്തതെന്നാണ് ആക്ഷേപം.

Secretariat
Comments (0)
Add Comment