കോടിയേരിയുടെ സംശയം: സി.പി.എമ്മിന്‍റെ ആദ്യ ജനറൽ സെക്രട്ടറി പി.സുന്ദരയ്യയുടെ രാജിക്കത്ത് വായിച്ചാൽ തീരുന്ന പ്രശ്നം മാത്രം

Jaihind Webdesk
Friday, July 31, 2020

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ കടുത്ത പ്രതിരോധത്തിലായ സിപിഎമ്മും സർക്കാരും മുഖം രക്ഷിക്കാൻ എല്ലാ മാർഗങ്ങളും തേടുന്ന തിരക്കിലാണ്. പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ ‘സംഘപരിവാർ’ പരാമർശം ഇപ്പോൾ സിപിഎമ്മിനെ തന്നെ തിരിഞ്ഞുകൊത്തുമ്പോൾ ഓർക്കേണ്ട ചില കാര്യങ്ങളുണ്ട്. സംഘപരിവാർ ശക്തികളുമായി എക്കാലവും ബന്ധം ഉണ്ടാക്കിയിരുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ആയിരുന്നു എന്നതിന്‍റെ രേഖപ്പെടുത്തലുകൾ മറക്കാനാകില്ല. സിപിഎമ്മിന്‍റെ ആദ്യ ജനറൽ സെക്രട്ടറി പി സുന്ദരയ്യയുടെ രാജി മുതൽ താൻ ആർഎസ്എസുകാരൻ ആയിരുന്നു എന്ന എസ്ആർപിയുടെ തുറന്നുപറച്ചിലിലും ഒതുങ്ങാതെ നീളുകയാണ് ഇതിന്‍റെ സാക്ഷ്യപ്പെടുത്തലുകൾ.

1975ല്‍ പ്രതിപക്ഷ മുന്നണിയുടെ ഭാഗമായി ജനസംഘത്തോടും ആര്‍എസ്എസിനോടും സന്ധിചേരാനുള്ള സിപിഎം നീക്കത്തെ തുടർന്നായിരുന്നു പാർട്ടി ജനറല്‍ സെക്രട്ടറി സ്ഥാനവും  പൊളിറ്റ് ബ്യൂറോ അംഗത്വവും സുന്ദരയ്യ രാജിവെച്ചത്. അടിയന്തരാവസ്ഥയെ നേരിടുന്നതിനായി ജനസംഘവുമായും ആര്‍എസ്എസുമായും കൂട്ടുചേരുന്നതിനെ അന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും അനുകൂലിച്ചിരിക്കുന്നു. ഇത് പാര്‍ട്ടിക്ക് വലിയ ദോഷമുണ്ടാക്കുമെന്നും രാജ്യത്തേയും പുറത്തേയും ജനാധിപത്യ സമൂഹങ്ങളില്‍, സാമ്രാജ്യത്വവിരുദ്ധ, സോഷ്യലിസ്റ്റ് ശക്തികള്‍ക്കിടയില്‍ പാർട്ടി ഒറ്റപ്പെടുമെന്നും അദ്ദേഹം തന്‍റെ രാജിക്കത്തില്‍ കുറിച്ചു.

അതേസമയം പഠനകാലത്ത് താന്‍ ആര്‍.എസ്.എസില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയുടെ വെളിപ്പെടുത്തലില്‍ വെട്ടിലായിരിക്കുകയാണ് സിപിഎം സംസ്ഥാന നേതൃത്വം. സർക്കാരിനെ പിടിച്ചുകുലുക്കിയ സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണം സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടില്‍ അട്ടിമറിക്കുന്നു എന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് എസ്ആർപിയുടെ തുറന്നുപറച്ചില്‍.

സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണം സിപിഎം ബിജെപി അവിശുദ്ധ ബന്ധത്തിലൂടെ അട്ടിമറിക്കപ്പെടുന്നു എന്ന ആരോപണങ്ങളില്‍ നിന്ന് തടിയൂരാനായിരുന്നു കോണ്‍ഗ്രസിനെതിരായ കോടിയേരി ബാലകൃഷ്ണന്റെ ആരോപണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ മാത്രമല്ല അദ്ദേഹത്തിന്‍റെ പിതാവിനെ വരെ ആര്‍എസ്എസ് ബന്ധമുണ്ടെന്ന് പറഞ്ഞ് കോടിയേരി അധിക്ഷേപിച്ചു. അതിനിടെയാണ്  തന്‍റെ ആര്‍എസ്എസ് പാരമ്പര്യം സമ്മതിച്ച് എസ് ആര്‍പി രംഗത്തെത്തിയത്.