വിവാദ ചോദ്യം : തിങ്കളാഴ്ച പിഎസ് സി അടിയന്തിര യോഗം ചേരും

Jaihind Webdesk
Saturday, April 6, 2019

Kerala-Public-Service-Commission

പി എസ് സി പരീക്ഷയിലെ ചോദ്യം വിവാദമായ സാഹചര്യത്തില്‍ തിങ്കളാഴ്ച പിഎസ് സി അടിയന്തിര യോഗം ചേരും. പി.എസ്.സിയുടെ മൂന്നു ദിവസം മുമ്പ് നടന്ന ലക്ചറർ ഇൻ സൈക്യാട്രി പരീക്ഷയിലെ പൊതുവിജ്ഞാനം വിഭാഗത്തിലാണ് വിവാദ ചോദ്യം ഉണ്ടായിരുന്നത്.

2018 സെപ്റ്റംബർ 28ലെ കോടതി വിധിക്ക് ശേഷം ശബരിമലയില്‍ കയറിയ പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള യുവതികൾ ആരെന്നാണ് ചോദ്യം. ഉത്തരത്തിനായി നാല് ഓപ്ഷനുകളും നല്‍കിയിരുന്നു .  ബിന്ദു തങ്കം കല്യാണി – ലിബി സി.എസ്, ബിന്ദു അമ്മിണി- കനകദുർഗ, ശശികല-ശോഭ, സൂര്യ ദേവാർച്ചന-പാർവതി എന്നീ നാല് ഓപ്ഷനുകളാണ് നൽകിയിരിന്നത്. ഇത്തരം ഒരു ചോദ്യം ഉണ്ടായതിനെതിരെ പി.എസ്.സി അംഗങ്ങള്‍ക്കിടയില്‍ തന്നെ അഭിപ്രായവ്യത്യാസം ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ചോദ്യം വിവാദമായതിനെ തുടർന്ന് സംഭവം പി.എസ്.സി അന്വേഷിച്ചേക്കും.  ചോദ്യപേപ്പറില്‍ ഇത്തരം ചോദ്യം എങ്ങനെ കടന്നുകൂടി എന്നതിലും ആശയക്കുഴപ്പം ഉണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന സാഹചര്യത്തില്‍ പി.എസ്.സി. പരീക്ഷയില്‍ ഇത്തരം ഒരു ചോദ്യം ഉള്‍പ്പെടുത്തിയതില്‍ ഭരണതലത്തില്‍ തന്നെ കടുത്ത അമര്‍ഷമാണ് നിലനില്‍ക്കുന്നത്. ശബരിമലയിലെ യുവതി പ്രവേശനത്തിനുള്ള കോടതി വിധി നടപ്പാക്കാന്‍ ഇടതു സര്‍ക്കാര്‍ അനാവശ്യ ധൃതി കാണിച്ചുവെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് ഇത്തരം ഒരു ചോദ്യം പി.എസ്.സി. ചോദ്യപേപ്പറില്‍ ഉള്‍പ്പെട്ടത്.[yop_poll id=2]