പിഎസ്‌സി തട്ടിപ്പ് കേസില്‍ സർക്കാരിന്‍റെ ഒളിച്ചുകളി; കുറ്റപത്രം സമർപ്പിച്ചില്ല, പ്രതികള്‍ ജാമ്യത്തിലിറങ്ങി വിലസുന്നു

Jaihind News Bureau
Wednesday, August 19, 2020

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസില്‍ സർക്കാരിന്‍റെ ഒളിച്ചുകളി തുടരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ നേതാക്കള്‍ പ്രതികളായ കേസില്‍ അന്വേഷണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കിയിട്ടില്ല. ഇതോടെ പ്രതികളെല്ലാം ജാമ്യത്തിലിറങ്ങി നടക്കുകയാണ്. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഡിസംബറില്‍ പൂര്‍ത്തിയായിരുന്നു. എന്നാല്‍ 9 മാസങ്ങള്‍ക്കിപ്പുറവും കുറ്റപത്രം നല്‍കാനുള്ള അന്തിമ അനുമതി ലഭിച്ചിട്ടില്ല.

യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥി അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതി എസ്എഫ്ഐ നേതാവ് ആര്‍. ശിവരഞ്ജിത്തിന് പൊലീസ് കോൺസ്റ്റബിൾ പട്ടികയിൽ ഒന്നാം റാങ്കായിരുന്നു. കേസിലെ രണ്ടാം പ്രതി എ.എന്‍. നസീമിനു 28ാം റാങ്കും, എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗമായിരുന്ന പ്രണവിനു രണ്ടാം റാങ്കുമായിരുന്നു. സംഭവം കോപ്പിയടിയെന്ന് ആരോപണം ഉയര്‍ന്നപ്പോള്‍ തള്ളിക്കളഞ്ഞ മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് തെളിയുന്നതായിരുന്നു വിജിലന്‍സിന്‍റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങള്‍. പിന്നീട് മൂന്ന് പേരും ഉന്നത റാങ്ക് നേടിയത് കോപ്പിയടിച്ചാണെന്ന് തെളിവ് സഹിതം ക്രൈംബ്രാഞ്ച് കണ്ടെടുത്തു. സഹായിച്ചവരടക്കം ആറ് പേര്‍ അറസ്റ്റിലുമായി.