പി.എസ്.സി പരീക്ഷ തട്ടിപ്പ്: എസ്.എഫ്.ഐക്കാര്‍ക്കുവേണ്ടി ചോദ്യം ചോര്‍ത്തിയാളെ കണ്ടെത്താനാകാതെ അന്വേഷണ സംഘം

Jaihind Webdesk
Saturday, September 21, 2019

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള അന്വേഷണം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ചോദ്യപേപ്പര്‍ പുറത്തെത്തിച്ചയാളെക്കുറിച്ച് സ്ഥീരീകരണം നല്‍കാന്‍ അന്വേഷണസംഘം തയ്യാറാകുന്നില്ല. ഇയാള്‍ ഉത്തരങ്ങള്‍ കണ്ടെത്താനും സഹായിച്ചതായാണ് വിവരം. യൂണിവേഴ്‌സിറ്റി കോളേജില്‍ പ്രണവിന്റെ സഹപാഠിയെന്ന് കരുതുന്ന യുവാവാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതെന്ന് സൂചനയുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാന്‍ ക്രൈംബ്രാഞ്ച് തയ്യാറായിട്ടില്ല. പരീക്ഷാക്രമക്കേടില്‍ ഉത്തരം കണ്ടെത്താന്‍ സഹായിച്ചതിന് അറസ്റ്റിലായ പൊലീസുകാരന്‍ ഗോകുല്‍ മാത്രമാണ് ഇയാളെപ്പറ്റി അന്വേഷണസംഘത്തോട് സമ്മതിച്ചത്. മറ്റുള്ളവരാരും ഇയാളെപ്പറ്റി യാതൊന്നും ക്രൈംബ്രാഞ്ചിനോട് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കാനും ഉത്തരം കണ്ടെത്തി എസ്.എം.എസ് ചെയ്യാനും സഹായിച്ച സുഹൃത്തിനെ കേസില്‍ രക്ഷിക്കാനുള്ള ശ്രമമാണ് പ്രധാന പ്രതികൡ നിന്നുണ്ടാകുന്നത്. പരീക്ഷാതട്ടിപ്പിനുപയോഗിച്ച മൊബൈല്‍ഫോണും സ്മാര്‍ട്ട് വാച്ചുകളും പ്രതികള്‍ നശിപ്പിക്കുകയും മണിമലയാറില്‍ ഉപേക്ഷിക്കുകയും ചെയ്തതോടെ തെളിവെടുപ്പ് വളരെ സങ്കീര്‍ണമായിട്ടുണ്ട്. മുമ്പില്ലാത്തവിധം പരീക്ഷാദിവസം പ്രതികള്‍ കൈമാറിയ എസ്.എം.എസ് സന്ദേശങ്ങളുടെ എണ്ണം മാത്രമാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിന് മുന്നിലുള്ള തെളിവ്. എന്നാല്‍ പരീക്ഷാചോദ്യങ്ങളുടെ ഉത്തരങ്ങളാണ് ഇവയെന്ന് തെളിയിക്കണമെങ്കില്‍ എസ്.എം.എസുകള്‍ വീണ്ടെടുക്കേണ്ടതുണ്ട്.