പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രധാന പ്രതികള്‍ കീഴടങ്ങി

Jaihind News Bureau
Saturday, September 7, 2019

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രധാന പ്രതികളായ പിപി പ്രണവ്, സഫീര്‍ എന്നിവര്‍ കീഴടങ്ങി. ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ ഇന്ന് ഉച്ചയോടെയാണ് തിരുവനന്തപുരം സിജെഎം കോടതിയില്‍ കീഴടങ്ങിയത്.
നാടകീയമായാണ് പ്രതികളുടെ കീഴടങ്ങല്‍. ഇവരെ പിടികൂടാനായി ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനുള്ള ഒരുക്കത്തിലായിരുന്നു പോലീസിന്റെ കണ്ണുവെട്ടിച്ച് കോടതിയിലേക്ക് ഓടിക്കയറിയാണ് പ്രതികള്‍ കീഴടങ്ങിയത്.
കേസില്‍ പ്രണവ് രണ്ടാം പ്രതിയും സഫീര്‍ നാലാം പ്രതിയുമാണ്.

പിഎസ്സി നടത്തിയ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ ഒന്നാം റാങ്കുകാരനായ പ്രണവാണ് കേസിലെ ആസൂത്രകന്‍. പ്രണവിന്റെ സുഹൃത്തായ സഫീറും പൊലീസ് കോണ്‍സ്റ്റബിള്‍ ഗോകുലുമാണ് യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസിലെ പ്രതികളായ ശിവരഞ്ജിത്, നസീം യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ നേതാവ് പ്രണവ് എന്നിവര്‍ക്ക് ഫോണിലൂടെ ഉത്തരങ്ങള്‍ എത്തിച്ചത്. നേരത്തെ ഇവര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും 10 ദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്നായിരുന്നു കോടതിയുടെ വിധി. എന്നാല്‍ ഇവര്‍ എവിടെയാണെന്ന് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല.

അതിനിടെയാണ് ശനിയാഴ്ച ഉച്ചയോടെ വഞ്ചിയൂര്‍ കോടതിയിലേക്ക് ഇവര്‍ ഓടിക്കയറിയത്. തങ്ങള്‍ പിഎസ്സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികളാണെന്നും കീഴടങ്ങുകയാണെന്നും ഇവര്‍ മജിസ്ട്രേറ്റിന് മുന്നില്‍ പറഞ്ഞതോടെ കോടതി ഉദ്യോഗസ്ഥര്‍ ഇക്കാര്യം അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു. പ്രതികള്‍ കീഴടങ്ങുമെന്ന വിവരം അന്വേഷണ സംഘം അറിഞ്ഞിരുന്നില്ലെന്നാണ് വിവരം.