തിരുവനന്തപുരം : സിവില്‍ പൊലീസ് റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികളടക്കം ജോലിക്കായി സമരം ചെയ്യുമ്പോള്‍ പിഎസ്‌സി തട്ടിപ്പ് കേസിലെ പ്രതികളായ എസ്എഫ്‌ഐ നേതാക്കള്‍ ജാമ്യത്തിലിറങ്ങി വിലസുന്നു. ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കാത്തതാണ് പ്രതികള്‍ക്ക് തുണയാകുന്നത്.
പി.എസ്.സിയുടെ വിശ്വാസ്യതയെ പോലും ചോദ്യം ചെയ്ത് കൊണ്ടാണ് പി.എസ്.സി പരീക്ഷ തട്ടിപ്പ് പുറത്ത് വന്നത്. തട്ടിപ്പു പുറത്തുവന്ന ഒന്നര വർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാതെ പൊലീസ് ഒത്തുകളിക്കുകയാണെന്നാണ് ആക്ഷേപം.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ നേതാക്കള്‍ പ്രതികളായ തട്ടിപ്പിലാണ് അന്വേഷണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാതിരിക്കുന്നത്.
2018 ജൂലായില്‍ നടന്ന സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയില്‍ ഒന്നും രണ്ടും 28 ആം റാങ്കും നേടിയവരാണ് എസ്.എഫ്.ഐ നേതാക്കളായ ശിവരഞ്ചിത്തും നസീമും പ്രണവും. മൂവരും ഉന്നത റാങ്ക് നേടിയത് കോപ്പിയടിച്ചാണെന്ന് തെളിവ് സഹിതം കണ്ടെത്തിയിട്ടും പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.
ആദ്യം മുതൽ തന്നെ കേസന്വേഷണത്തിൽ പൊലീസും സർക്കാരും കാണിച്ച വിമുഖത ഇപ്പോഴും തുടരുകയാണ്.
കുറ്റപത്രം സമർപ്പിക്കാത്തതുകൊണ്ടുതന്നെ പ്രതികൾ ജാമ്യത്തിലാണ്.