പി.എസ്.സി പരീക്ഷാനടത്തിപ്പ് കർക്കശമാക്കുന്നതിന്‍റെ ഭാഗമായി ഉദ്യോഗാർഥികളെ തിരിച്ചറിയാൻ ബയോമെട്രിക് സംവിധാനം ഏർപ്പെടുത്താനുള്ള നടപടി തുടങ്ങി. ഇതിന് മുന്നോടിയായി എല്ലാ ഉദ്യോഗാർഥികളും ആധാർ നമ്പർ പ്രൊഫൈലുമായി ലിങ്ക് ചെയ്യണമെന്ന് പിഎസ്സി നിർദേശിച്ചു.
ആധാറില്ലാത്തവർ തിരിച്ചറിയലിനായി പിഎസ്സി നിഷ്‌കർഷിക്കുന്ന മറ്റ് സംവിധാനങ്ങൾ പ്രൊഫൈലിൽ ചേർക്കണം. നിലവിൽ പിഎസ്സിയിൽ പ്രൊഫൈൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരിൽ അഞ്ചുശതമാനത്തിൽതാഴെ മാത്രമാണ് ആധാർ ലിങ്ക് ചെയ്യാത്തത്. ബയോമെട്രിക് ഉപകരണം ലഭ്യമാക്കാൻ കെൽട്രോണുമായി ധാരണയായി. ഉദ്യോഗാർഥികളുടെ എണ്ണമനുസരിച്ച് ഓരോ കേന്ദ്രങ്ങളിൽ ആവശ്യമായ ഉപകരണം എത്തിക്കും. ഇതിനായി നടപടി സ്വീകരിക്കാൻ പിഎസ്സി സർക്കാരിനോട് ശുപാർശചെയ്യും. ആൾമാറാട്ടം ഉൾപ്പെടെയുള്ള തട്ടിപ്പുകൾ തടയാനാണ് ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ തീരുമാനിച്ചതെന്ന് പിഎസ്സി ചെയർമാൻ അഡ്വ. എം കെ സക്കീർ പറഞ്ഞു. പരീക്ഷാഹാളിലും തുടർന്ന് തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിലും ഈ സംവിധാനം ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസയോഗ്യതയും തൊഴിൽപരിചയവും സംബന്ധിച്ച് തെറ്റായ അവകാശവാദം ഉന്നയിക്കുന്ന ഉദ്യോഗാർഥികൾ പരീക്ഷയിൽ പങ്കെടുത്താലും ഇല്ലെങ്കിലും ശിക്ഷാനടപടി സ്വീകരിക്കാൻ തിങ്കളാഴ്ച ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു. ഉദ്യോഗാർഥികൾ പ്രൊഫൈലിൽ അപ്ലോഡ് ചെയ്ത ഒപ്പിന്റെ മാതൃക പരീക്ഷാകേന്ദ്രങ്ങളിൽ ഇൻവിജിലേറ്റർമാർക്ക് ലഭ്യമാക്കും. പരീക്ഷയ്ക്ക് ഹാജരാകുന്നവർ സൈൻഡ് ലിസ്റ്റിൽ രേഖപ്പെടുത്തുന്ന ഒപ്പ് പരിശോധിക്കുന്നതിനാണിത്.
https://youtu.be/qGoA4FEJDOU