ക്രമക്കേടിന് വഴിയൊരുക്കി വീണ്ടും പി.എസ്.സി ; കെ.എ.എസ് പരീക്ഷയുടെ ഒ.എം.ആര്‍ ഷീറ്റ് വിലയിരുത്താന്‍ ‘പ്രത്യേക ഉദ്യോഗസ്ഥർ’; അട്ടിമറി ശ്രമമെന്ന് ആരോപണം

Jaihind News Bureau
Tuesday, June 9, 2020

 

തിരുവനന്തപുരം : നിയമന ക്രമക്കേടില്‍ പുലിവാല്‍ പിടിച്ച പി.എസ്.സിക്കെതിരെ വീണ്ടും ഗുരുതര ആരോപണം. കെ.എ.എസ് പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികളുടെ മൂല്യനിർണയ രീതി മാറ്റിയതാണ് സംശയമുണർത്തുന്നത്. കമ്പ്യൂട്ടർ ഉപയോഗിച്ച് നടത്തേണ്ട ഒ.എം.ആർ ഷീറ്റ് മൂല്യനിർണയം പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ച് ചെയ്യാനുള്ള നീക്കമാണ് വിവാദമായത്. ചട്ടങ്ങൾ കാറ്റിൽ പറത്തി പതിനായിരത്തിലധികം ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്താനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷവും ഉദ്യോഗാർത്ഥികളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

പി‌.എസ്‌.സി മാനദണ്ഡമനുസരിച്ച് ഒപ്റ്റിക്കൽ മാർക്ക് റീഡർ (ഒ‌.എം‌.ആർ) ഉത്തരക്കടലാസുകളിൽ കമ്പ്യൂട്ടർ അധിഷ്‌ഠിത മൂല്യനിർണയം മാത്രമേ അനുവദിക്കൂ. ഒ.എം.ആർ ഷീറ്റുകൾക്ക് ഗുണനിലവാരമില്ലാത്തതിനാൽ പതിനായിരത്തോളം പേപ്പറുകൾ കമ്പ്യൂട്ടറൈസ്ഡ് മൂല്യനിർണയം നടത്താൻ സാധിക്കുന്നില്ലെന്നാണ് പി.എസ്.സി യുടെ വാദം. മാനുവലായി മൂല്യനിർണയം നടത്താനായി 21 ജീവനക്കാരെയും പി.എസ്.സി നിയോഗിച്ചു. പി.എസ്.സിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒ.എം.ആർ ഷീറ്റുകൾ ഇത്തരത്തില്‍ മൂല്യനിർണയം നടത്തുന്നത്. മൂല്യനിർണയം മാനുവലായി തിടുക്കപ്പെട്ട് നടത്താനുള്ള നീക്കം  അർഹരുടെ അവസരം നഷ്ടമാക്കുമോ എന്ന ആശങ്കയാണ് ഉയരുന്നത്. ഉന്നത തസ്തികകളില്‍ സി.പി.എം  അംഗങ്ങളെ തിരുകിക്കയറ്റാനുള്ള ശ്രമമാണിതിന് പിന്നിലെന്ന ആരോപണവും ശക്തമാണ്.

പി‌.എസ്‌.സി ചെയർമാനും കമ്മീഷൻ അംഗങ്ങളും ജീവനക്കാരും റിക്രൂട്ടിംഗ് പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളിൽ നിന്നും മാറിനിൽക്കണമെന്നതാണ് ചട്ടമെന്ന് പി‌.എസ്‌.സി മുൻ ചെയർമാൻ കെ.എസ് രാധാകൃഷ്ണൻ പറയുന്നു. ഇത്തരത്തിലുള്ള നീക്കങ്ങള്‍ അഴിമതിക്കും ക്രമക്കേടുകൾക്കും വഴിയൊരുക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പരീക്ഷ എഴുതിയ നാലര ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളുടെ ഭാവി തുലാസിലാക്കുന്ന തീരുമാനത്തിനെതിരെ യുവജന വികാരം ശക്തമാണ്. കെ.എ.എസ് പരീക്ഷാ നടത്തിപ്പിനെതിരെ തുടക്കം മുതൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പി.എസ്.സി പരീശീലന കേന്ദ്രങ്ങളിൽ സർക്കാർ ജീവക്കാർ തന്നെ ക്ലാസെടുത്തതും മാതൃകാ ചോദ്യപേപ്പർ തയാറാക്കിയതും വിവാദമായിരുന്നു. ഇതിനുപിന്നാലെ കൊവിഡിന്‍റെ മറവിലാണ് കീഴ്വഴക്കങ്ങൾ എല്ലാം മറികടന്നുള്ള പി.എസ്.സിയുടെ നടപടി. അർഹരായവർക്ക് നിയമനം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഉദ്യോഗാർത്ഥികളും അമർഷത്തിലാണ്.