പിഎസ്‌സി കോഴ വിവാദം: എല്ലാത്തിലും പ്രതികരിച്ചാല്‍ ജീവനുണ്ടാകില്ല, നിയമ പോരാട്ടം തുടരുമെന്ന് പ്രമോദ് കോട്ടൂളി

 

കോഴിക്കോട്: പിഎസ്‌സി കോഴ വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയ പ്രമോദ് കോട്ടൂളി ജില്ലാ നേതൃത്വത്തിനെതിരെ കടുത്ത നിലപാടുമായി രംഗത്ത്. എല്ലാത്തിലും പ്രതികരിച്ചാല്‍ ജീവനുണ്ടാകില്ല, പാർട്ടിയെ ഒരു വിഭാഗം തെറ്റിദ്ധരിപ്പിച്ചു. പാർട്ടിയെ തെറ്റിദ്ധരിപ്പിക്കുന്ന ശക്തിയെ പുറത്തു കൊണ്ടു വരണം. നിയമ പോരാട്ടം തുടരും. പാർട്ടിയില്‍ നിന്ന് പുറത്താക്കിയ കാര്യം തന്നെ അറിയിച്ചിട്ടില്ല. പ്രമോദ് കോഴ വാങ്ങിയോയെന്ന് പൊതു സമൂഹത്തിന് അറിയണം. അതിന് വേണ്ടിയാണ് പോരാട്ടമെന്നും പ്രമോദ് പറയുന്നത്.

പ്രമോദിനെ പുറത്താക്കിയ വാര്‍ത്താക്കുറിപ്പ് പങ്ക് വെച്ച സിപിഎം ജില്ലാ കമ്മിറ്റി അംഗം പ്രേംകുമാര്‍ ഇല്ലത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് പ്രമോദ് ശക്തമായ കമന്‍റിട്ടു. എല്ലാ ചതികളിലും നിങ്ങളാണ് നായകനെന്നാണ് കമന്‍റ്. പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതും, പാര്‍ട്ടി അച്ചടക്കത്തിന് നിരക്കാത്തതുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്ന് ബോധ്യമായതിനെ തുടര്‍ന്ന് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചെന്നാണ് ജില്ലാ കമ്മിറ്റി ഇന്നലെ വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. ഈ കുറിപ്പാണ് ജില്ലാ കമ്മിറ്റിഅംഗം ഫേസ്ബുക്കില്‍ പങ്ക് വെച്ചത്. ഇതിനാണ് പ്രമോദ് കോട്ടൂളി കമന്‍റിട്ടത്.

Comments (0)
Add Comment