പി.എസ്.സി നിയമനം : സർക്കാർ വാദം കളവെന്ന് വിവരാവകാശരേഖ

Jaihind News Bureau
Saturday, March 20, 2021

Kerala-Public-Service-Commission

 

തിരുവനന്തപുരം : കഴിഞ്ഞ 5 വർഷത്തിനിടെ 1,57,000 നിയമനങ്ങൾ പി.എസ്.സി മുഖേന നൽകിയെന്ന ഇടതുസർക്കാരിന്‍റെ വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്.  വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2016 ജൂൺ 1 മുതൽ 2021 ഫെബ്രുവരി 10 വരെ സ്പാർക്ക് വഴി പെൻ നമ്പറും ശമ്പളവും നൽകിയത് 109585 പേർക്കാണ്. പുതുതായി സർക്കാർ സർവീസിൽ വരുന്നവർക്കാണ് പെർമനന്‍റ് എംപ്ലോയി നമ്പർ (പെൻ) നൽകുന്നത്.

വിവരാവകാശ നിയമപ്രകാരം ആകെ 109585 പേർക്ക് നൽകിയ പെൻ നമ്പറിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 14389 നിയമനങ്ങളും ഉൾപ്പെടുന്നു. ഇവ പി.എസ്.സി വഴിയായിരുന്നില്ല. ഇതോടെ പി.എസ്.സി വഴി 5 വർഷം നൽകിയ നിയമനങ്ങളുടെ എണ്ണം വീണ്ടും കുറയും. മുഖ്യമന്ത്രി അവകാശപ്പെട്ട 1,57000 എന്ന കണക്ക് തെറ്റാണെന്നും വിവരാവകാശരേഖ വെളിപ്പെടുത്തുന്നു.   ഉദ്യോഗാർഥികൾ ആരോപിക്കുന്നതു പോലെ ഇത്രയും ഒഴിവുകൾ സർക്കാർ മരവിപ്പിക്കുകയോ, നിയമനമെമ്മോ ലഭിച്ചിട്ടും നിയമന ഉത്തരവ് നൽകാതിരിക്കുകയോ ചെയ്യുകയാണ് ഉണ്ടായത്.

താഴ്ന്ന തസ്തികയിൽ സർവീസിലുള്ളവർ തന്നെ ഉയർന്ന മറ്റു തസ്തികകളിൽ നിയമനം ലഭിച്ചാൽ പുതിയ പെൻ നമ്പർ ആവശ്യമില്ലാത്തതാണ് എണ്ണത്തിലെ വ്യത്യാസം എന്ന വാദവും തെറ്റാണെന്ന് തെളിയുന്നു. ഇങ്ങനെവന്നാല്‍ താഴ്ന്ന തസ്തികകളിൽ പകരം പുതിയ നിയമനങ്ങള്‍ നടത്തേണ്ടതുണ്ട്.