പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം കത്തുന്നു. ജാമിയ മിലിയ, അലിഗഡ് സർവ്വകലാശാലയിലെ പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.
ജാമിയ മിലിയ സര്‍വ്വകലാശാലയ്ക്ക് പുറമെ അലിഗഡിലേയ്ക്കും പ്രതിഷേധം വ്യാപിച്ചു. സര്‍വ്വകലാശാലയ്ക്ക് അകത്തേക്ക് കടന്ന പൊലീസ് ഗേറ്റ് അടച്ചുപൂട്ടി. അനുവാദമില്ലാതെയാണ് പൊലീസ് അകത്തുകടന്നതെന്ന് സര്‍വ്വകലാശാല അധികൃതരും വ്യക്തമാക്കി.
പ്രതിഷേധത്തിനിടെ പൊലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ രൂക്ഷമായ കല്ലേറുണ്ടായി. ഡല്‍ഹിയിലെ പലയിടത്തും തീവണ്ടിക്കും ബസുകള്‍ക്കും നേരെ അതിക്രമം ഉണ്ടായി. പത്തോളം വാഹനങ്ങള്‍ കത്തിച്ചിരുന്നു. ഇതേ സമയം അക്രമ സംഭവങ്ങള്‍ക്കു പിന്നില്‍ പോലീസിന്‍റെ ഇടപെടലെന്ന് സൂചിപ്പിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വാഹനങ്ങളുടെ നേര്‍ക്ക് പോലീസുകാര്‍ തന്നെയാണ് അക്രമം നടത്തുകയും അവ അഗ്‌നിക്കിരയാക്കുകയും ചെയ്തെന്ന് സ്ഥലത്തുണ്ടായിരുന്ന ചില ദൃക്സാക്ഷികള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അക്രമം രൂക്ഷമായതിനെ തുടര്‍ന്ന് ജാമിയ മിലിയ ഇസ്ലാമിയ, സുഖ്ദേവ് വിഹാര്‍, ഒഖ്‌ല വിഹാര്‍, ഷഹീന്‍ ബാഗ് മെട്രോ സ്റ്റേഷനുകള്‍ അടച്ചുപൂട്ടി.
കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ചെയ്ത പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.