ദേശീയ പാത 766 ലെ യാത്രാ നിരോധനം : കേരള-കർണാടക അതിർത്തി ഗ്രാമങ്ങളിലും സമരം ശക്തമാകുന്നു

Jaihind News Bureau
Monday, October 14, 2019

ദേശീയ പാത 766 ലെ യാത്രാ നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള-കർണാടക അതിർത്തി ഗ്രാമങ്ങളിലും സമരം ശക്തമാകുന്നു. കർണ്ണാടകത്തിലെ വിവിധ സമൂഹിക രാഷ്ട്രീയ-സമുദായിക സംഘടനകളുടെ നേതൃത്വത്തിലാണ് സമരങ്ങൾ നടക്കുന്നത്. കേരള കർണ്ണാടക അതിർത്തി ചെക്ക് പോസ്റ്റായ മദൂർ ചെക്ക് പോസ്റ്റ് കഴിഞ്ഞ ദിവസം ഉപരോധിച്ചു. ഉപരോധത്തെ തുടർന്ന് ദേശിയ പാതയിൽ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.

ദേശിയ പാതയിലെ യാത്രാ നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർണ്ണാടകയിലും സമരം ശക്തമാവുകയാണ്. ഇന്നലെ നടന്ന ചെക്ക്‌പോസ്റ്റ് ഉപരോധനത്തിന് കർണാടകത്തിലെ ആക്ഷൻ കമ്മിറ്റിയായ കാവൽപ്പട സമരസമിതിയാണ് നേതൃത്വം നൽകിയത്. സമരത്തെ തുടർന്ന് മണിക്കൂറുകളോളം ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ദേശീയ പാത 766 ലെ യാത്ര നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ നിരവധി സമരങ്ങൾ കർണാടകത്തിൽ നടന്നിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി താലൂക്ക് ഓഫീസ് മാർച്ച് ,പന്തം കൊളുത്തി പ്രകടനം ഉൾപ്പെടെയുള്ള സമരങ്ങൾ നടത്തി കഴിഞ്ഞു.

അതിർത്തി ഗ്രാമങ്ങളിൽ നിന്നും ദിവസവും നിരവധി പച്ചക്കറികളാണ്‌ ദേശീയ പാത 766ലൂടെ കേരളത്തിലെത്തുന്നത്. എന്നാൽ ഈ പാത അടക്കുന്നതോടെ അതിർത്തി ഗ്രാമങ്ങളിലെ കർഷകർക്ക് കേരള വിപണി നഷ്ടമാവും എന്ന ആശങ്കയാണ് അവരെ സമരത്തിലേക്ക് നയിക്കുന്നത്. യാത്രാ നിരോധനം നടപ്പിലായാൽ കർണ്ണാടക-കേരള അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ ജിവിതത്തെ സരമായി ബാധിക്കുമെന്നുറപ്പാണ്. അത് കൊണ്ട് തന്നെ വയനാട്ടിൽ യുവജന സംഘടനകൾ അനിശ്ചിതകാല നിരാഹാര സമരം നടത്തിയതുപോലെയുള്ള സമരത്തിനും സമരസമിതി ആലോചിക്കുന്നുണ്ട്.