സഹാറൻപൂരിൽ മാധ്യമപ്രവർത്തകൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം

Jaihind News Bureau
Monday, August 19, 2019

സഹാറൻപൂരിൽ മാധ്യമപ്രവർത്തകൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. ഉത്തർപ്രദേശ് കുറ്റവാളികളുടെ പിടിയിലാണെന്നും സംസ്ഥാന ഭരണകൂടം കുറ്റകൃത്യങ്ങൾ മറച്ചുവെക്കുകയാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. യോഗി ആദിത്യനാഥ് രാജിവെക്കണമെന്നും കോൺഗ്രസ് ആവശ്യം.

ഇന്നലെ ഉച്ചയോടു കൂടിയാണ് ആണ് സഹാറൻപൂരിൽ ഡൈനിക് ജാഗ്രാൻ ദിനപത്രത്തിലെ ഫോട്ടോഗ്രാഫർ ആശിഷ്, സഹോദരൻ അശുതോഷ് എന്നിവരെ അയൽവാസികളായ മഹിപാൽ സൈനിയും മക്കളും വെടിവെച്ച് കൊലപ്പെടുത്തിയത്. സംഭവത്തിനെതിരെ വലിയ പ്രതിഷേധമാണ് യുപിയിൽ ഉണ്ടായിരിക്കുന്നത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ചാണകം നീക്കം ചെയ്യുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഉത്തർപ്രദേശ് കുറ്റവാളികളുടെ പിടിയിലാണെന്നും സംസ്ഥാന ഭരണകൂടം കുറ്റകൃത്യങ്ങൾ മറച്ചുവെക്കുകയാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് അജയ് കുമാർ ലല്ലു യോഗി ആദിത്യനാഥ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടു. കുറ്റവാളികളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട് പോലീസ് മേധാവിയും. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകിയിട്ടുണ്ടെന്ന് ഉത്തർപ്രദേശ് സർക്കാരും അറിയിച്ചു