തൊടുപുഴയില്‍ കൊല്ലപ്പെട്ട ഏഴു വയസ്സുകാരന്‍റെ അമ്മയ്ക്ക് അറസ്റ്റ് രേഖപ്പെടുത്തി മണിക്കൂറുകൾക്കുള്ളിൽ ജാമ്യം; സിപിഎം ഇടപെടല്‍ എന്ന ആരോപണം ശക്തം

Jaihind Webdesk
Saturday, May 11, 2019

തൊടുപുഴയിലെ ഏഴു വയസ്സുകാരനെ അമ്മയുടെ കാമുകൻ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മയ്ക്ക് അറസ്റ്റ് ചെയ്തത് മണിക്കൂറുകൾക്കകം ജാമ്യം ലഭിച്ചത് പോലീസിന്‍റെ തിരക്കഥയാണെന്ന ആരോപണം ശക്തമാകുന്നു. കേസിന്‍റെ തുടക്കം മുതൽ സിപിഎം പ്രാദേശിക നേതാവിന്‍റെ മകളായ പ്രതിയെ സംരക്ഷിക്കുന്ന സമീപനമായിരുന്നു പോലീസിന്‍റേത്.

അമ്മയുടെ കാമുകന്‍റെ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതിയായ അമ്മയെ കുട്ടി മരിച്ച് 36 ദിവസത്തിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. കൂത്താട്ടുകുളത്തെ കൗൺസിലിംഗ് സെൻററിലായിരുന്ന യുവതിയെ ഇന്നലെ ഉച്ചയോടെയാണ് അറസ്റ്റ് ചൈയ്തത്. അറസ്റ്റ് രേഖപ്പെടുത്തി മണിക്കൂറുകൾക്കുള്ളിൽ പ്രതിയ്ക്ക് ജാമ്യം ലഭിച്ചു. 201, 212 വകുപ്പ് പ്രകാരം കുറ്റം മറച്ചു വച്ചതിനും, കുറ്റവാളിയെ രക്ഷിക്കാൻ ശ്രമിച്ചതിനും മാത്രമാണ് കേസ്. ഇവരെ മാപ്പുസാക്ഷിയാക്കുവാനും പോലീസ് നീക്കം നടത്തുന്നുണ്ട്. പിതാവ് മരിച്ച് ആഴ്ചകൾക്കുള്ളിൽ കുട്ടികളുടെ അമ്മയോടൊപ്പം താമസമാക്കിയ യുവാവ് കുട്ടികളെ ക്രൂരമായി പീഡിപ്പിക്കാറുണ്ടായിരുന്നു.

ലൈംഗിക അതിക്രമങ്ങൾക്കും കുട്ടികളെ വിധേയരാക്കാറുണ്ടായിരുന്നു എന്ന് ഇളയ കുട്ടി ശിശുക്ഷേമസമിതി മുമ്പാകെ മൊഴി നൽകിയിരുന്നു. അതു പ്രകാരം ഒന്നാം പ്രതി അരുൺ ആനന്ദിനെതിരെ പോക്‌സോ കേസ് എടുത്തിട്ടുണ്ട്. ശിശുക്ഷേമസമിതിയുടെ നിർദ്ദേശം വന്നതിനെ തുടർന്നാണ് പോലീസ് അമ്മയെ രണ്ടാം പ്രതിയാക്കി കേസെടുത്തത്. നാളുകളായി രണ്ടു കുട്ടികളെയും പീഡിപ്പിക്കുന്നതിന് കൂട്ടുനിന്ന അമ്മയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രത്യക്ഷസമരവുമായി രംഗത്തു വന്നിട്ടും പോലീസ് സംരക്ഷകരുടെ റോളിലായിരുന്നു.

കുട്ടികളുടെ അമ്മയുടെ മൊഴികളിലെ വൈരുദ്ധ്യം മൂലമാണ് കേസെടുത്തത് എന്നാണ് പോലീസിന്റെ വിശദീകരണം. സോഫയിൽ നിന്നു വീണു പരിക്കേറ്റു എന്നാണ് യുവതി ആശുപത്രിയിൽ ഡോക്ടറോട് പറഞ്ഞത്. കുട്ടികളുടെ പിതാവിന്റെ ദുരുഹ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ നൽകിയ പരാതിയിലും നടപടികൾ ആയിട്ടില്ല.