കൊടിമരം നീക്കം ചെയ്യല്‍ : ധർമ്മടം ബ്രണ്ണന്‍ കോളേജ് പ്രിൻസിപ്പാളിന്‍റെ നടപടി വിവാദത്തിൽ

Jaihind Webdesk
Thursday, July 18, 2019

ധർമ്മടം  ബ്രണ്ണന്‍ കോളേജിൽ എസ് എഫ് ഐ യുടെ കൊടിമരം നീക്കം ചെയ്യാത്ത പ്രിൻസിപ്പാളിന്‍റെ നടപടി വിവാദത്തിൽ.
മറ്റൊരു വിദ്യാർത്ഥി സംഘടനയായ എബിവിപിയുടെ കൊടിമരം പ്രിൻസിപ്പാൾ തന്നെ നേരിട്ടിറങ്ങി കോളേജ് ക്യാംപസ്സിൽ നീക്കിയിരുന്നു. ക്യാപസിനകത്തെ എസ് എഫ് ഐ യുടെ കൊടിമരവും, തോരണങ്ങളും, കൊടിയും നീക്കം ചെയ്യാത്ത പ്രിൻസിപ്പാളിന്‍റെ നടപടിയാണ് വിവാദമായിരിക്കുന്നത്.

ധർമ്മടം ബ്രണ്ണൻ കോളേജിലെ ക്യാപസിനകത്ത് എ ബി വി പി സ്ഥാപിച്ചിരുന്ന കൊടിമരം പ്രിൻസിപ്പാൾ നേരിട്ടെത്തി കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു. വിദ്യാർത്ഥികൾ നോക്കിനിൽക്കെയായിരുന്ന പ്രിൻസിപ്പാളായ ഫൽഗുനൻ കൊടിമരം എടുത്ത് കോളേജിന് പുറത്തേക്ക് കൊണ്ടുപോയത്.

കൊടിമരം ക്യാംപസിന് വെളിയില്‍ കളഞ്ഞത് സംഘര്‍ഷം ഒഴിവാക്കാനെന്ന് പ്രിന്‍സിപ്പാള്‍ പറയുന്നത്. കോളേജില്‍ എസ് എഫ് ഐയും എബിവിപിയും തമ്മില്‍ ഒരു സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു. അത് വളര്‍ന്ന് കോളേജില്‍ ക്രമസമാധാന പ്രശ്നം ആവാതിരിക്കാന്‍ ആണ് എബിവിപിയുടെ കൊടിമരം പുറത്ത് കളഞ്ഞതെന്നാണ് പ്രിന്‍സിപ്പാള്‍ വ്യക്തമാക്കിയത്. എന്നാൽ ക്യാപസിനകത്ത് ഉണ്ടായിരുന്ന എസ് എഫ് ഐ യുടെ കൊടിമരവും, കൊടിയും മറ്റു തോരണങ്ങളും നീക്കം ചെയ്യാൻ തയ്യാറാവാത്ത പ്രിൻസിപ്പാളിന്റെ നടപടിയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.കൊടിമരം നീക്കം ചെയ്തതിൽ പ്രതിഷേധിച്ച് ആർ എസ് എസ് എ ബി വി പി പ്രവർത്തകർ പ്രിൻസിപ്പാൾ താമസിക്കുന്ന വീട്ടിലേക്ക് മാർച്ച് നടത്തി.മാർച്ച് പൊലീസ് തടഞ്ഞു. ഇടതുപക്ഷ അനുകൂലിയായ  പ്രിൻസിപ്പാൾ ബ്രണ്ണനിലെ എസ് എഫ് ഐ യ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന വിമർശനമാണ് ഉയരുന്നത്.