പേടിയില്ലാതെ ജീവിക്കാനുള്ള സാഹചര്യമൊരുക്കണം; ബിജു   കൊല്ലപ്പെട്ട   സംഭവത്തില്‍ നടന്ന ജനകീയ പ്രതിഷേധ മാര്‍ച്ചില്‍ സംഘർഷം

പത്തനംതിട്ട: കാട്ടാന ആക്രമണത്തില്‍ പത്തനംതിട്ട സ്വദേശി ബിജു   കൊല്ലപ്പെട്ട   സംഭവത്തില്‍ കണമല വനംവകുപ്പ് ഓഫീസിലേക്ക്  ജനകീയ പ്രതിഷേധ മാര്‍ച്ച് നടത്തി നാട്ടുകാർ. മാർച്ചില്‍ സംഘർഷമുണ്ടായി. പോലീസും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ പോലീസ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.

ബിജു കൊല്ലപ്പെട്ട സംഭവത്തില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറുകണക്കിന് പേരാണ് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. ഞങ്ങള്‍ ആരെയും ദ്രോഹിക്കുന്നില്ലെന്നും ഞങ്ങളെ ആരെയും ദ്രോഹിക്കാതിരുന്നാല്‍ മതിയെന്നും സാധാരണക്കാരായ കര്‍ഷകരാണെന്നും ശാശ്വത പരിഹാരമുണ്ടാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. വനംവകുപ്പിനെതിരെ ശക്തമായ പ്രതിഷേധമാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്. പേടിയില്ലാതെ ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്നും അവർ ആവശ്യപ്പെട്ടു. അഞ്ചുവര്‍ഷത്തിലധികമായി  സ്ഥലത്ത് വന്യമൃഗശല്യം ഉണ്ടെന്നും കൃഷിയിറക്കാൻ സൗകര്യമില്ലെന്നും ഇതിനൊരു ശാശ്വത പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കേസെടുത്താലും  പ്രതിഷേധത്തില്‍ നിന്നും പിന്മാറില്ലെന്നും അവർ പറഞ്ഞു.

പത്തനംതിട്ട തുലാപ്പള്ളിയിൽ വീടിന് സമീപം ഇറങ്ങിയ കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടെ ഇന്ന് രാവിലെ ആനയുടെ ആക്രമണത്തില്‍ ബിജു മരിച്ചത്. ഇന്ന് വെളുപ്പിന് ഒന്നരയോട് കൂടിയായിരുന്നു സംഭവം. വീടിന്‍റെ മുറ്റത്ത് തെങ്ങ് മറിച്ചിടുന്ന ശബ്ദം കേട്ട് ബിജു ആനയെ ഓടിക്കാന്‍ ഇറങ്ങിയതായിരുന്നു. വീടിന് അമ്പതുമീറ്റര്‍ അകലെയായി ആന ബിജുവിനെ ആക്രമിക്കുകയായിരുന്നു.

Comments (0)
Add Comment