നഗരസഭയില്‍ സ്വകാര്യ ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം ; ഗായത്രി ബാബു ജാതീയമായി അധിക്ഷേപിച്ചെന്ന് പരാതി


തിരുവനന്തപുരം : നഗരസഭയില്‍ സ്വകാര്യ ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം. നാല് തൊഴിലാളികള്‍ കവാടത്തിന് മുകളില്‍ കയറിയും മറ്റുളളവര്‍ താഴെയുമായാണ് പ്രതിഷേധിക്കുന്നത്. പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ട് നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഗായത്രി ബാബു ജാതീയമായി അധിക്ഷേപിച്ചെന്നാണ് ആരോപണം. കയറും പെട്രോള്‍ നിറച്ച കുപ്പിയുമായാണ് തൊഴിലാളികളുടെ പ്രതിഷേധം. താഴെയിറങ്ങില്ല, സമരവുമായി മുന്നോട്ട് പോകുമെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്. അഗ്‌നിശമന സേന സ്ഥലത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ 43 ദിവസമായി സ്വകാര്യ ശുചീകരണ തൊഴിലാളികള്‍ കോര്‍പ്പറേഷന് മുന്നില്‍ കുടില്‍കെട്ടി സമരം നടത്തുകയാണ്. സ്വന്തം നിലയില്‍ വീടുകളില്‍ നിന്നും മാലിന്യം ശേഖരിച്ച് ഉപജീവനം നടത്തുന്നവരാണ് സമരത്തിലുളളത്. 250 തോളം പേരാണ് ഇവരുടെ യൂണിയനിലുളളത്. അടുത്തിടെ കോര്‍പ്പറേഷന്‍ അംഗീകാരമില്ലാത്ത, ലൈസന്‍സില്ലാത്ത ആളുകള്‍ വേസ്റ്റ് ശേഖരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ തൊഴിലാളികള്‍ ഇത് അംഗീകരിച്ചില്ല. ജോലിയുമായി മുന്നോട്ട് പോകുമെന്നും അതല്ലെങ്കില്‍ കോര്‍പ്പറേഷന്‍ തങ്ങളെയും കരാര്‍ തൊഴിലാളികളായി അംഗീകരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. എന്നാല്‍ കോര്‍പ്പറേഷന്‍ ഇതംഗീകരിക്കാതെ കടുത്ത നടപടികളുമായി മുന്നോട്ട് പോയി. ഇവരുടെ വണ്ടികളടക്കം പിടിച്ചെടുത്തു. ഇതോടെ തൊഴിലാളികള്‍ സമരത്തിനിറങ്ങി.

കഴിഞ്ഞ ദിവസം മന്ത്രി വി ശിവന്‍ കുട്ടിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുകയും വാഹനങ്ങള്‍ വിട്ട് നല്‍കാമെന്ന ധാരണയിലെത്തുകയും ചെയ്തു. എന്നാല്‍ അതിന് ശേഷം തുടര്‍ നടപടികളൊന്നുമുണ്ടായില്ല. ഇന്നലെ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്തി. കോര്‍പ്പറേഷന് വണ്ടി വിട്ട് നല്‍കാനാകില്ലെന്നും കേസെടുത്തതിനാല്‍ കോടതി വഴി തൊഴിലാളികള്‍ വണ്ടി തിരികെ വാങ്ങണമെന്നും ചര്‍ച്ചയില്‍ കോര്‍പ്പറേഷന്‍ നിലപാടെടുത്തു.

ഈ യോഗത്തില്‍ വെച്ചാണ് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഗായത്രി ബാബു ജാതീയമായി തങ്ങളെ അധിക്ഷേപിച്ചതെന്ന് തൊഴിലാളികള്‍ പറയുന്നു.

Comments (0)
Add Comment